Headlines

കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; തൃശ്ശൂർ സ്വദേശി പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ വൻ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎ യുമായി തൃശ്ശൂർ സ്വദേശി പിടിയിലായി. കോഴിക്കോട് നഗരത്തിൽ വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്താൻ ശ്രമിച്ച സംഘത്തെ ഡാൻസാഫ് പിടികൂടി

ദമാമിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് തൃശ്ശൂർ സ്വദേശി ലിജീഷ് ആന്റണി പിടിയിലാകുന്നത്. ഡാൻസാഫ് സംഘത്തിനും കരിപ്പൂർ പൊലീസിനും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. മൂന്ന് ദിവസം മുൻപാണ് ഇയാൾ കരിപ്പൂരിൽ നിന്ന് ദമാമിലേക്ക് പോയത്. ഒരു കിലോ എംഡിഎംഎയുടെ ഉറവിടം എവിടെ? നാട്ടിലേക്ക് എത്തിച്ചത് ആർക്കുവേണ്ടി? ലഹരി സംഘവുമായി ബന്ധമുണ്ടോ എന്നീ കാര്യങ്ങളിൽ വിശദമായ അന്വേഷണം തുടരുകയാണ്.

കോഴിക്കോട് നഗരത്തിലെ വേങ്ങേരിയിൽ ആണ് നിരോധിച്ച പുകയില ഉത്പന്നങ്ങൾ ഡാൻസാഫ് സംഘം പിടികൂടിയത്. 10 ലക്ഷത്തിലധികം വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ ചാക്കിലാക്കിയാണ് പ്രതികൾ കാറിൽ കടത്താൻ ശ്രമിച്ചത്. ഡാൻസാഫ് സംഘത്തിന്റെയും ചേവായൂർ പൊലീസിന്റെയും നേതൃത്വത്തിൽ 7 കിലോമീറ്റലിധികം വാഹനം പിന്തുടർന്നാണ് സംഘത്തെ പിടിയിലാക്കുന്നത്.