മുതിർന്ന നേതാവ് ജി സുധാകരനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ജാഗ്രതയോടെ ഇടപെടാൻ സിപിഐഎം. തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ ആർക്കെതിരെയും നടപടി വേണ്ടെന്ന നിലപാടിലാണ് പാർട്ടി ജില്ലാ കമ്മിറ്റി. ജി സുധാകരനുമായി മുതിർന്ന നേതാക്കൾ ആശയവിനിമയം നടത്തും. സൈബർ ആക്രമണം അടക്കമുള്ള പരാതികളിൽ കുറ്റക്കാർക്കെതിരെ പാർട്ടി സ്വീകരിച്ച നടപടികൾ ജില്ലാ സെക്രട്ടറി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
ജി സുധാകരനെ പറഞ്ഞ് മനസിലാക്കി അനുനയ ശ്രമമാണ് പാർട്ടി ലക്ഷ്യമിടുന്നത്. എച്ച് സലാം – ജി സുധാകരൻ പോരിന് താത്കാലികമായെങ്കിലും വിരാമമിടാൻ സംസ്ഥാന കമ്മറ്റിയും ഇടപെടും.പരസ്യ ഏറ്റുമുട്ടലുകൾ പാർട്ടിക്കുണ്ടാക്കിയ ക്ഷീണം മാറ്റാനുള്ള ആലോചനകളിലാണ് നേതൃത്വം.
പാർട്ടി പരിപാടികളിൽ തുടർച്ചയായി ജി സുധാകരനെ അവഗണിക്കുന്നെന്ന ആരോപണവും സംസ്ഥാന നേതൃത്വം ഗൌരവമായി പരിശോധിക്കുന്നുണ്ട്. മറ്റന്നാൾ മുതൽ ആലപ്പുഴയിൽ നടക്കുന്ന 79-മത് പുന്നപ്ര വയലാർ വാർഷിക പരിപാടികളിൽ ജി സുധാകരനെ സജീവമായി പങ്കെടുപ്പിച്ചുള്ള അനുനയമാണ് പാർട്ടി ആലോചിക്കുന്നത്.