ആർഎസ്എസ് ശാഖക്കെതിരെ ആരോപണം ഉന്നയിച്ച് കോട്ടയം സ്വദേശി അനന്ദു അജി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. നിലവിൽ അസ്വഭാവിക മരണത്തിന് കേസെടുത്താണ് തമ്പാനൂർ പൊലീസ് അന്വേഷണം നടത്തുന്നത്. അനന്ദു അജി മരണത്തിന് മുൻപേ ചിത്രീകരിച്ച വിഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തനിക്ക് വിവിധ ഇടങ്ങളിൽ നിന്ന് ലൈംഗിക ചൂഷണം നേരിടേണ്ടി വന്നുവെന്ന് വിഡിയോ ദൃശ്യങ്ങളിൽ പറയുന്നു.
ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരിക്കുന്ന NM എന്ന ചുരുക്ക നാമം നിതീഷ് മുരളീധരനാണെന്നും വെളിപ്പെടുത്തലുണ്ട്. ഈ ദൃശ്യങ്ങളുടെ അടക്കം അടിസ്ഥാനത്തിലായിരിക്കും പൊലീസിന്റെ തുടർന്നുള്ള അന്വേഷണം. പുറത്തുവന്ന ദൃശ്യങ്ങൾ അനന്ദുവിന്റെ ഫോണിൽ പൊലീസ് മുന്നേ ശേഖരിച്ചിരുന്നു. ആരോപണ വിധേയനായ നിധീഷ് മുരളീധരനെയും ആർഎസ്എസ് നേതാക്കളെയും കേന്ദ്രീകരിച്ച് പോലീസ് വിവരശേഖരണം നടത്തുന്നുണ്ട്.
ഇന്നും അനന്തുവിന്റെ കൂടുതൽ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനുള്ള സാധ്യതയുമുണ്ട്. നിയമപദേശം തേടിയതിനു ശേഷം ആയിരിക്കും ആത്മഹത്യാപ്രേരണ അടക്കമുള്ള മറ്റു വകുപ്പുകൾ ആരോപണ വിധേയർക്കെതിരെ ചുമത്തുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാവുക. കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ ആർഎസ്എസ് ശാഖകൾക്കെതിരെ കൂടുതൽ പ്രതിഷേധം ഉണ്ടാകാനും സാധ്യതയുണ്ട്.