മുനമ്പം ഭൂമി പ്രശ്നത്തിൽ സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ സുന്നി സംഘടാനകൾ. നാളെ മന്ത്രി വി അബ്ദുറഹിമാനുമായി കൂടിക്കാഴ്ച്ച നടത്തും. മുനമ്പം വിഷയത്തിലെ ഹൈക്കോടതി വിധിയിൽ വഖഫ് ബോർഡിനോട് അപ്പീൽ നൽകാൻ ആവശ്യപ്പെടും. ന്യൂനപക്ഷ സമ്മേളനത്തിലും വിഷയം ഉന്നയിക്കും. ഇതുമായി ബന്ധപ്പെട്ട് സുന്നി സംഘടനകൾ കൊച്ചിയിൽ യോഗം ചേർന്നു.
നിലവിൽ സർക്കാർ ഇതുമായി മുന്നോട്ടു പോകുന്ന കാര്യങ്ങളിൽ സുന്നി സംഘടനകളെക്കൂടി പരിഗണിക്കണമെന്നും വഖഫ് ഭൂമിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ മുസ്ലിം സംഘടനകളുടെ ആവശ്യങ്ങൾകൂടി പരിഗണിക്കണമെന്നും യോഗത്തിൽ പ്രധാനമായും ഉയർന്ന ആവശ്യങ്ങൾ. മുനമ്പം നിവാസികളുടെ സമരം ഒരു വർഷം പിന്നിടുമ്പോഴാണ് ഹൈക്കോടതിയിൽ നിന്ന് ആശ്വാസകരമായ വിധി വരുന്നത്. ഹൈക്കോടതി ഉത്തരവിന് പിന്നാലെ സമരക്കാർ റവന്യു അവകാശങ്ങൾക്കൂടി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിരുന്നു.
സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ് ഉണ്ടായത്. ഭൂമി ഫറൂഖ് കോളജിന് ദാനമായി കിട്ടിയതാണെന്ന വാദം നിലനിൽക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. 1950 ലെ ആധാര പ്രകാരം ഇത് ഫറൂഖ് കോളജിന് നൽകിയ ദാനമാണെന്നും ഭുമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. 69 വർഷത്തിന് ശേഷം എന്തിനാണ് വഖഫ് ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചുകൊണ്ട് മുന്നോട്ട് വന്നതെന്നും ഇത്രയുംനാൾ ഉറങ്ങുകയായിരുന്നോയെന്നും കോടതി ഹൈക്കോടതി വിമർശിച്ചിരുന്നു.