Headlines

സ്വർണം പൂശിയതുമായി ബന്ധപ്പെട്ട രേഖകൾ കാണാനില്ല; സ്മാർട്ട് ക്രിയേഷൻസിന്റെ നടപടികളിൽ അടിമുടി ദുരൂഹത

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിന്റെ നടപടികളിൽ അടിമുടി ദുരൂഹത. സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട പ്രധാന രേഖകൾ കാണാനില്ല. സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തും. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിന്റെ ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള ബന്ധങ്ങളാണ് അന്വേഷിക്കുന്നത്. ഇതിനിടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവൻ എച്ച്.വെങ്കിടേഷ് ഇന്ന് സന്നിധാനത്തെത്തും.

അതേസമയം ശബരിമല സ്വർണമോഷണത്തിൽ കൂടുതൽ പേർക്കെതിരെ നടപടിക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ്. പ്രതിപ്പട്ടികയിൽപ്പെട്ട അസിസ്റ്റന്റ് എൻജിനീയർ കെ. സുനിൽ കുമാറിനെ സസ്പെൻഡ് ചെയ്യും. ഇന്ന് ചേരുന്ന ബോർഡ് യോഗത്തിലായിരിക്കും ഈ തീരുമാനങ്ങൾ കൈക്കൊള്ളുക.

അതിനിടെ ശബരിമല സ്വർണ്ണക്കൊള്ള വിവാദത്തിൽ കോൺഗ്രസിന്റെ വിശ്വാസ സംരക്ഷണ മേഖല ജാഥകൾക്ക് ഇന്ന് തുടക്കം. നാലു മേഖലകളിൽ നിന്നാണ് കോൺഗ്രസ് ജാഥ സംഘടിപ്പിക്കുന്നത്. കാസർഗോഡ്, പാലക്കാട്, തിരുവനന്തപുരം എന്നീ മേഖലകളിൽ നിന്നുള്ള ജാഥയാണ് ഇന്ന് ആരംഭിക്കുക. മൂവാറ്റുപുഴയിൽ നിന്ന് ആരംഭിക്കുന്ന മേഖലാജാഥ നാളെ തുടങ്ങും.

പാലക്കാട് നിന്ന് കൊടിക്കുന്നിൽ സുരേഷും, കാസർകോട് നിന്ന് കെ മുരളീധരനും, തിരുവനന്തപുരത്ത് നിന്ന് അടൂർ പ്രകാശും മൂവാറ്റുപുഴയിൽ നിന്ന് ബെന്നി ബഹന്നാനുമാണ് ജാഥ നയിക്കുക. നാല് ജാഥകളും ഈ മാസം 17ന് ചെങ്ങന്നൂരിൽ സംഗമിക്കും. 18 ന് പന്തളത്ത് മഹാസമ്മേളനത്തോടെ ജാഥ സമാപിക്കും.