Headlines

‘മോസ്കോയെ ലക്ഷ്യംവയ്‌ക്കാൻ ശേഷിയുള്ള മിസൈൽ വേണം’; 17ന് ട്രംപിനെ കാണാൻ സെലെൻസ്കി

പഴയ വൈരാഗ്യങ്ങളും വിദ്വേഷങ്ങളും മറക്കണമെന്ന് യു എസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്.
പഴയ തലമുറ ചെയ്ത യുദ്ധങ്ങൾ നമ്മുടെ ഭാവിയെ നിർണ്ണയിക്കുവാൻ അനുവദിക്കരുതെന്നും ട്രംപ് പറഞ്ഞു. യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കിയും ട്രംപും വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ നിർണ്ണായക കൂടിക്കാഴ്ച നടത്തും. മോസ്‌കോയെ ലക്ഷ്യം വയ്ക്കാൻ ശേഷിയുള്ള യു എസ് നിർമ്മിത ദീർഘദൂര മിസൈൽ സെലൻസ്‌കി ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.

സൈനിക താവളങ്ങളെ മാത്രമേ ആക്രമിക്കുകയുള്ളുവെന്നും യുക്രെയ്‌ൻ ഉറപ്പുനൽകി. റഷ്യയിൽ നിന്നുള്ള ആക്രമണം ചെറുക്കുന്നതിന് ദീർഘദൂര ടോമാഹോക്ക് മിസൈൽ യുക്രെയ്ന് നൽകുന്നത് പരിഗണിക്കുമെന്ന് തിങ്കളാ‌ഴ്‌ച ഡോണൾഡ് ട്രംപ് വ്യക്‌തമാക്കിയിരുന്നു. ‘ട്രംപിനോട് ഞങ്ങളുടെ കാഴ്‌‍പ്പാട് വ്യക്‌തമാക്കിയിട്ടുണ്ട്. എന്നാൽ ചില കാര്യങ്ങൾ ഫോണിലൂടെ ചർച്ച ചെയ്യേണ്ടതല്ല. അതിനാൽ ഞങ്ങൾ കൂടിക്കാഴ്‌ച നടത്തും.’ – സെലെൻസ്കി പറഞ്ഞു.

യുക്രെയ്‌‌ന്റെ വ്യോമപ്രതിരോധം, ദീർഘദൂര ആക്രമണ ശേഷി എന്നിവ സംബന്ധിച്ച് ഇരുനേതാക്കളും ചർച്ച നടത്തും. ശനി, ഞായർ ദിവസങ്ങളിൽ ഇരുവരും നടത്തിയ ഫോൺ സംഭാഷണത്തിനു പിന്നാലെയാണ് യുഎസ് സന്ദർശനം സംബന്ധിച്ച സെലെൻസ്കിയുടെ പ്രഖ്യാപനം. സെലെൻസ്കിയുടെ സന്ദർശനത്തിനു മുന്നോടിയായി യുക്രെയ്‌ൻ പ്രധാനമന്ത്രി യൂലിയ സ്വെറിഡെങ്കോയുടെ നേതൃത്വത്തിലുള്ള സംഘം യുഎസ് സന്ദർശിക്കും.