Headlines

ശബരിമല സന്നിധാനത്ത് അമിക്കസ് ക്യൂറിയുടെ പരിശോധന; സ്വർണകൊള്ളയിൽ അതിവേഗ അന്വേഷണം, സ്മാർട്ട് ക്രിയേഷൻസിൽ പരിശോധന നടത്താൻ എസ്ഐടി ചെന്നൈയിൽ

ചെന്നൈ: ശബരിമല സ്വർണകൊള്ളയിൽ അതിവേഗ അന്വേഷണം. സ്വർണം ഉരുക്കിയെടുത്ത സ്മാർട്ട് ക്രിയേഷൻസിൽ പരിശോധന നടത്താൻ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) ചെന്നൈയിലെത്തി. എന്നാൽ ഞായറാഴ്ച ആയതിനാൽ ഇന്ന് അവധിയെന്ന് കമ്പനി അധികൃതർ അറിയിച്ചു. ഓഫീസിന് ഇന്ന് അവധിയെന്ന് സ്മാർട്ട്‌ ക്രിയേഷൻസ് വൈസ് പ്രസിഡന്‍റ് ആർ മുരളി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്‌ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്യാൻ എസ് ഐ ടി തീരുമാനിച്ചിട്ടുണ്ട്. സ്മാർട്ട് ക്രിയേഷൻസ് കമ്പനിയിൽ നിന്ന് പോറ്റിക്കായി സ്വർണം ഏറ്റുവാങ്ങിയ കൽപേഷിനെ കണ്ടെത്താനുള്ള ഊ‍ർജ്ജിത ശ്രമത്തിലാണ് എസ് ഐ ടി. അതേസമയം ശബരിമല സന്നിധാനത്ത് അമിക്കസ് ക്യൂറി കെ ടി ശങ്കരന്‍റെ നിർണായക പരിശോധന ഇന്നും തുടരുകയാണ്. സ്മാർട്ട് ക്രിയേഷൻസിന്‍റെ പ്രതിനിധിയടക്കമുള്ളവരെ സന്നിധാനത്ത് എത്തിച്ചിട്ടുണ്ട്.

അമിക്കസ് ക്യൂറിയുടെ പരിശോധന
അമിക്കസ് ക്യൂറി ജസ്റ്റിസ്‌ കെ ടി ശങ്കരന്റെ നേതൃത്വത്തിലാണ് ശബരിമല സന്നിധാനത്തെ പരിശോധന തുടരുന്നത്. സ്ട്രോങ്ങ് റൂം പരിശോധനയടക്കമാണ് നടക്കുന്നത്. അറ്റകുറ്റപ്പണി പൂർത്തിയാക്കി എത്തിച്ച ദ്വാരപാലക പാളികളുടെ പരിശോധനയും ഇന്ന് നടക്കും. സന്നിധാനത്തെ നടപടികൾ പൂർത്തിയാക്കിയ ശേഷം നാളെ പ്രധാന സ്ട്രോങ്ങ് റൂം ആയ ആറന്മുളയിൽ കണക്കെടുപ്പ് നടത്തും. കാലങ്ങളായി തീർത്ഥാടകർ സമർപ്പിച്ചിട്ടുള്ള വിലപിടിപ്പുള്ള വസ്തുക്കളുടെ കണക്കെടുപ്പാണ് പരിശോധനയിലൂടെ ലക്ഷ്യമിടുന്നത്. പൊരുത്തക്കേട് കണ്ടെത്തിയാൽ ഹൈക്കോടതി ഇക്കാര്യത്തിലും ശക്തമായ നടപടിയെടുക്കും.