Headlines

‘ചൈന വ്യാപാരയുദ്ധത്തെ ഭയക്കുന്നില്ല’; ഭീഷണി വേണ്ടെന്ന് ട്രംപിനോട് ചൈന

അമേരിക്കയുടെ തീരുവ ഭീഷണിയുടെ പേരിൽ അപൂർവ ഭൗമ ധാതുക്കൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ നിന്നും പിന്നാക്കം പോകില്ലെന്ന് ചൈന. ഭീഷണി മുഴക്കുന്നതിന് പകരം, അമേരിക്ക ഭിന്നതകൾ ചർച്ചകളിലൂടെ പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. ചൈന വ്യാപാരയുദ്ധം ആഗ്രഹിക്കുന്നില്ലെന്നും, അതേസമയം വ്യാപാര യുദ്ധത്തെ ഭയക്കുന്നില്ലെന്നും ചൈനീസ് വാണിജ്യമന്ത്രാലയം പ്രതികരിച്ചു. അമേരിക്ക ഏകപക്ഷീയമായി പ്രവർത്തിക്കുന്നത് തുടരുകയാണെങ്കിൽ, ചൈന അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു.ചൈനയ്ക്കുമേൽ നവംബർ ഒന്നുമുതൽ 100 ശതമാനം അധിക തീരുവ ട്രംപ് പ്രഖ്യാപിച്ചിരുന്നു. അപൂർവ ധാതുക്കൾക്ക് ചൈന നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്നാണ് തീരുവ ഭീഷണി.

കഴിഞ്ഞ ദിവസം ചൈനയ്‌ക്ക് മേൽ വീണ്ടും അധിക തീരുവ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ചുമത്തിയിരുന്നു. നിലവിലുള്ള താരിഫിന് പുറമെയാണ് 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചിരിക്കുന്നത്. ചൈനയിൽ നിന്ന് യുഎസിൽ എത്തുന്ന ഉൽപന്നങ്ങൾക്ക് ഇതോടെ മൊത്തം തീരുവ 150% വരെ ആയേക്കും. കയറ്റുമതി നിയന്ത്രണങ്ങളും ഏർപ്പെടുത്തുമെന്ന് ട്രംപ് ദി ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ധാതുക്കളുടെ കയറ്റുമതിക്ക് ഷി ഭരണകൂടം കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ചൈനയിൽ നിന്ന് 0.1 ശതമാനത്തിനുമേൽ വരുന്ന റെയർ എർത്ത് കയറ്റുമതിക്ക് വിദേശ സ്ഥാപനങ്ങൾ മുൻകൂർ ലൈസൻസ് നേടിയിരിക്കണമെന്നാണ് ചൈനയുടെ പുതിയ ഉത്തരവ്. ചൈനയുടെ ഈ നിലപാടിനെ “ലോകത്തിന് അങ്ങേയറ്റം ശത്രുതാപരമായ ഒരു സന്ദേശം” ആണെന്നും അസാധാരണമായ ആക്രമണാത്മക നിലപാട് ചൈന സ്വീകരിച്ചുവെന്നുമാണ് ട്രംപ് വിശേഷിപ്പിച്ചത്. നവംബർ‌ ഒന്നുമുതൽ യുഎസിൽ നിന്ന് ചൈനയിലേക്കുള്ള തന്ത്രപ്രധാന സോഫ്റ്റ്‍വെയർ ഉൽപന്നങ്ങൾക്കും കടുത്ത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ട്രംപ് വ്യക്തമാക്കി.