തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ ആത്മഹത്യയിൽ കോൺഗ്രസ് നേതാവ് ജോസ് ഫ്രാങ്ക്ളിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി. ആത്മഹത്യാപ്രേരണ കുറ്റത്തിന് പുറമെ ലൈംഗികാതിക്രമ വകുപ്പ് കൂടിയാണ് പൊലീസ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സലിത കുമാരിയുടെ ആത്മഹത്യ കുറിപ്പ് മക്കളുടെ മൊഴി എന്നിവ പരിഗണിച്ചാണ് കേസെടുത്തത്. ജോസ് ഫ്രാങ്ക്ളിൻ ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കി.
മുട്ടയ്ക്കാട് കെൻസ ഹൗസിൽ സലിത കുമാരി ബുധനാഴ്ചയാണ് വീട്ടിൽ ജീവനൊടുക്കിയത്. ആദ്യം അപകടമരണമെന്നു കരുതിയെങ്കിലും പോസ്റ്റ്മോർട്ടത്തിൽ ആത്മഹത്യയെന്ന് ഉറപ്പിക്കുകയായിരുന്നു. പിന്നാലെ ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ബൈബിളിൽ നിന്നും രണ്ട് ആത്മഹത്യാകുറിപ്പുകൾ കണ്ടെത്തുകയായിരുന്നു പൊലീസ്.
മകനും മകൾക്കുമായി പ്രത്യേകം ആത്മഹത്യ കുറിപ്പുകളായിരുന്നു എഴുതിയിരുന്നത്.മകൻ രാഹുലിനെഴുതിയ കുറിപ്പിലാണ് കൗൺസിലറും ഡിസിസി ജനറൽ സെക്രട്ടറിയുമായ ജോസ് ഫ്രാങ്ക്‌ളിൻ തന്നെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് പറയുന്നത്. ലൈംഗിക താല്പര്യങ്ങൾക്ക് നിർബന്ധിക്കുന്നുവെന്നും,പല വിധത്തിൽ ബുദ്ധിമുട്ടിക്കുന്നുവെന്നും ആത്മഹത്യാ കുറിപ്പിൽ ഉണ്ടായിരുന്നു.
ജോസ് ഫ്രാങ്ക്ളിൻ രാത്രി വൈകി അമ്മയെ വിളിച്ചു ശല്യപ്പെടുത്താറുണ്ടെന്നു മകനും മകളും പൊലീസിന് മൊഴി നൽകി.പിന്നാലെയാണ് ജോസ് ഫ്രാങ്ക്ളിനെതിരെ ആത്മഹത്യപ്രേരണ കുറ്റം ചുമത്തി നെയ്യാറ്റിൻകര
പൊലീസ് കേസെടുത്തത്. ജോസ് ഫ്രാങ്ക്ളിന്റെ അറസ്റ്റ് ആവശ്യപ്പെട്ടു സിപിഐഎം-ബിജെപി പ്രതിഷേധം ശക്തമാണ്.