ഷാഫി പറമ്പിലിനെ ആക്രമിച്ച് ശബരിമലയില്‍ പ്രതിരോധത്തിലായ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെങ്കില്‍ ശക്തമായ പ്രക്ഷോഭമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഷാഫിയുടെ ചോര നിലത്തു വീണിട്ടുണ്ടെങ്കില്‍ അതിന് പ്രതികാരം ചോദിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.
ഷാഫി പറമ്പില്‍ എംപിയെ അതിക്രൂരമായി മര്‍ദിച്ച പൊലീസ് നടപടിയില്‍ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്. എല്ലാ വിഷയങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കുന്നതിന് വേണ്ടിയാണ് പൊലീസ് സര്‍ക്കാരിന്റെ താത്പര്യം നോക്കിക്കൊണ്ട് ഇങ്ങനെയൊരു ക്രൂരമായ മര്‍ദനം അഴിച്ചുവിട്ടത്. ഷാഫി പറമ്പിലിന്റെ ചോര നിലത്ത് വീണിട്ടുണ്ടെങ്കില്‍ അതിന് പ്രതികാരം ചോദിക്കുക തന്നെ ചെയ്യും. സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന പൊലീസുകാര്‍ എകെജി സെന്ററില്‍ നിന്നല്ല ശമ്പളം പറ്റുന്നതെന്ന് ഓര്‍ത്തിരുന്നാല്‍ നന്നായിരിക്കും. ഈ ഗൂഢാലോചനയ്ക്കും അക്രമത്തിനും നേതൃത്വം കൊടുത്ത മുഴുവന്‍ പൊലീസുകാര്‍ക്കുമെതിരായി ശക്തമായ നടപടി സ്വീകരിക്കണം എന്ന് ഞങ്ങള്‍ ആവശ്യപ്പെടുകയാണ് – അദ്ദേഹം പറഞ്ഞു.
അതേസമയം, എംപിയെ പേരാമ്പ്രയില്‍ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച ടി സിദ്ദിഖ് ഉള്‍പ്പടെ കണ്ടാലറിയാവുന്ന 100 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. T സിദ്ദിഖാണ് ഒന്നാം പ്രതി. കോഴിക്കോട് കമ്മിഷണര്‍ ഓഫിസിലേക്ക് ഇന്നലെ രാത്രി നടത്തിയ മാര്‍ച്ചിനിടെ കമ്മിഷണര്‍ ഓഫിസ് ഗേറ്റ് തകര്‍ത്തതിനാണ് കേസ്.
പൊതുമുതല്‍ നശിപ്പിക്കല്‍, അന്യായമായി സംഘം ചേര്‍ന്ന് കലാപമുണ്ടാക്കാന്‍ ശ്രമിച്ചു തുടങ്ങിയ വകുപ്പ് പ്രകാരമാണ് കേസ്. കോഴിക്കോട് കസബ പൊലിസാണ് കേസെടുത്തത്. ഗേറ്റ് തകര്‍ത്തതിലൂടെ 75000 രൂപയുടെ നാശനഷ്ടമുണ്ടായതായി FIRയില്‍ പറയുന്നു.