Headlines

ഷാഫിയെ വേട്ടയാടാന്‍ അനുവദിക്കില്ല; ശക്തമായി പ്രതിഷേധിക്കും; രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷം

കോഴിക്കോട് പേരാമ്പ്രയില്‍ സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എംപിക്ക് മര്‍ദനമേറ്റതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി പ്രതിപക്ഷം. പൊലീസ് നടപടിയില്‍ നേതാക്കള്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു.

ഷാഫി പറമ്പില്‍ എംപിയെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഷാഫി പറമ്പിലിനെ നിരന്തരമായി വേട്ടയാടാന്‍ അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഷാഫി പറമ്പിലിനെ നിരന്തരമായി വേട്ടയാടുന്നു. ഇതിന് അനുവദിക്കില്ല. എംപിയെ കണ്ടാല്‍ പൊലീസിന് അറിയില്ലേ. മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. രണ്ട് ജാഥകള്‍ ഒരേ റൂട്ടില്‍ വിട്ടത് പൊലീസ്. അതില്‍ ഒരു വിഭാഗം ആളുകള്‍ക്ക് മാത്രം എങ്ങനെ പരുക്കേല്‍ക്കും – രമേശ് ചെന്നിത്തല.

കേരളത്തില്‍ നടക്കുന്ന കൊള്ള മറച്ചുവെക്കാനുള്ള ശ്രമമാണ് ഷാഫിക്കെതിരായ അക്രമമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ഭീകരമായ അക്രമമാണ് ഷാഫിക്കെതിരെ ഉണ്ടായത്. കാട്ടുനീതിയാണ് നടപ്പാകുന്നത്. രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്ന ഉദ്യോഗസ്ഥരുണ്ട്. എല്ലാം കണക്ക് എഴുതിവെച്ചിട്ടുണ്ട് – അദ്ദേഹം പറഞ്ഞു.

പേരാമ്പ്രയിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ തുടര്‍ സമരങ്ങള്‍ ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു.

ഷാഫിക്കെതിരായ ആക്രമണം ആസൂത്രിതമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അക്രമം നിസാരമായിക്കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഷാഫിയുടെ പോപ്പുലാരിറ്റി അവരെ ഭയപ്പെടുത്തുന്നുവെന്നും പൊലീസ് തിരഞ്ഞുപിടിച്ചാണ് ആക്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പേരാമ്പ്രയില്‍ ഷാഫി പറമ്പിലിനെതിരെ ഉണ്ടായ നടപടി ബോധപൂര്‍വ്വമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. പൊലീസ് നരനായാട്ടാണ് നടത്തുന്നതെന്നും സര്‍ക്കാരിന്റെ അവസാന കാലത്തെ കടും വെട്ടാണിതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. നീതി അനീതി നടപ്പാക്കുന്നവരുടെ കൈകളിലാണ്. അപ്പോള്‍ എങ്ങനെ നാട്ടില്‍ നീതി നടപ്പാകും – അദ്ദേഹം പറഞ്ഞു.

മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളേയും സംസ്ഥാനത്തെ പൊലീസ് ചോരയില്‍ മുക്കി കുളിപ്പിച്ചാലും അയ്യപ്പന്റെ പൊന്നെവിടെയെന്ന് തങ്ങള്‍ ആവര്‍ത്തിച്ച് ചോദിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതികരിച്ചു. അയ്യപ്പന്റെ സ്വര്‍ണമെവിടെയെന്നും അത് ആര്‍ക്കാണ് വിറ്റതെന്നും എത്ര കോടിക്കാണ് വിറ്റതെന്നും അവസാനശ്വാസംവരെ ചോദിച്ചുകൊണ്ടേ ഇരിക്കുമെന്ന് രാഹുല്‍ പറഞ്ഞു. അയ്യപ്പന്റെ പൊന്ന് കട്ടവന്മാരെ വെറുതെ വിടാന്‍ തങ്ങള്‍ ഉദ്ദേശിക്കുനന്നില്ല. ആശുപത്രിയിലേക്ക് കയറുന്നതിന് മുന്‍പ് പോലും ഷാഫി പറമ്പില്‍ പ്രതികരിച്ചതും അദ്ദേഹത്തെ തല്ലിയതിനെക്കുറിച്ചല്ല അയ്യന്റെ പൊന്ന് കട്ടതിനെക്കുറിച്ചായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.