ബിഹാറില്‍ മഹാസംഖ്യം അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ ഓരോ കുടുംബത്തിലും കുറഞ്ഞത് ഒരു അംഗത്തിനെങ്കിലും സര്‍ക്കാര്‍ ജോലി ഉണ്ടെന്ന് ഉറപ്പാക്കാന്‍ പുതിയ നിയമം കൊണ്ടുവരുമെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. പാട്നയില്‍ നടന്ന ഒരു വാര്‍ത്താസമ്മേളനത്തിനിടെയാണ് പ്രഖ്യാപനം.
ബിഹാറിലെ സര്‍ക്കാര്‍ ജോലിയില്ലാത്ത ഓരോ കുടുംബത്തിനും ഒരു സര്‍ക്കാര്‍ ജോലി നല്‍കുന്നതിനായി ഒരു പുതിയ നിയമം നിര്‍മ്മിക്കും എന്നതാണ് എന്റെ ആദ്യത്തെ പ്രഖ്യാപനം. സര്‍ക്കാര്‍ രൂപീകരിച്ച് 20 ദിവസത്തിനുള്ളില്‍ നിയമം കൊണ്ടുവരും. ഇത്തരത്തിലുള്ള എല്ലാ കുടുംബങ്ങളിലും സര്‍ക്കാര്‍ ജോലിക്കാര്‍ ഉണ്ടാകും – തേജസ്വി യാദവ് പറഞ്ഞു.
ഉപമുഖ്യമന്ത്രിയായിരുന്ന 17 മാസക്കാലയളവില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കിയതായും അതിനുള്ള അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഞാന്‍ സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തിരുന്നു. അധികാരത്തിലിരുന്ന ചുരുങ്ങിയ കാലയളവില്‍ അഞ്ച് ലക്ഷം തൊഴിലുകളാണ് നല്‍കിയത്. ആ എനിക്ക് അഞ്ച് വര്‍ഷക്കാലം കിട്ടിയാല്‍ എന്തൊക്കെ സാധിക്കുമെന്ന് നിങ്ങള്‍ക്ക് ചിന്തിക്കാം – അദ്ദേഹം പറഞ്ഞു.
ഭരണകക്ഷിയായ എന്‍ഡിഎ സര്‍ക്കാര്‍ രണ്ട് പതിറ്റാണ്ടുകളായി തൊഴിലില്ലായ്മ എന്ന പ്രശ്നത്തെ അവഗണിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. 20 വര്‍ഷത്തില്‍ എന്‍ഡിഎ യുവാക്കള്‍ക്ക് ജോലി നല്‍കിയിട്ടില്ല. അധികാരത്തില്‍ വന്ന് 20 ദിവസങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ ഈ നിയമം കൊണ്ടുവരും. 20 മാസങ്ങള്‍ക്കുള്ളില്‍ നിയമം നടപ്പാക്കും – അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സര്‍ക്കാര്‍ തന്റെ വാഗ്ദാനങ്ങള്‍ അനുകരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തേജസ്വിയുടെ പ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ പകര്‍ത്തുകയാണെന്ന് ഞങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു. 20 വര്‍ഷം പഴക്കമുള്ള ഈ ക്ഷീണിച്ച സര്‍ക്കാരിന് തൊഴിലില്ലായ്മയാണ് ഏറ്റവും വലിയ പ്രശ്നമെന്ന് ഇപ്പോഴും മനസിലായില്ല – അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമൂഹ്യ നീതിക്ക് മാത്രമല്ല, സാമ്പത്തിക നീതിക്കും സര്‍ക്കാര്‍ പ്രാധാന്യം നല്‍കണമെന്ന് തേജസ്വി യാദവ് പറഞ്ഞു. വന്‍തോതില്‍ തൊഴില്‍ സൃഷ്ടിക്കുന്നതിലൂടെയാകണം ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവില്‍ത്തന്നെ നടത്തിയിട്ടുള്ള സര്‍വേയുടെയും ശേഖരിച്ചിട്ടുള്ള ഡാറ്റയുടെയും അടിസ്ഥാനത്തിലാണ് തന്റെ പ്രഖ്യാപനമെന്നും ആര്‍ജെഡി നേതാവ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും ഞങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. സര്‍വേ നടത്തിയിട്ടുണ്ട്. ഇതെന്റെ പ്രതിജ്ഞയാണ്. സാധ്യമായ കാര്യം മാത്രമേ ഞങ്ങള്‍ വാഗ്ദാനം ചെയ്യൂ. ആളുകളോട് കള്ളം പറയുകയോ വഞ്ചിക്കുകയോ ഇല്ല.
അതേസമയം, ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റുവിഭജനത്തില്‍ ഇരുമുന്നണികളിലും തര്‍ക്കം തുടരുകയാണ്. ചര്‍ച്ചകള്‍ക്കായി ബിജെപി- കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ പട്നയിലുണ്ട്. മഹാസഖ്യത്തില്‍ കഴിഞ്ഞ തവണ മത്സരിച്ച 70 സീറ്റുകളും വേണമെന്ന ആവശ്യത്തിലാണ് കോണ്‍ഗ്രസ്. ചര്‍ച്ചകള്‍ക്കായി, അശോക് ഗെഹ്ലോട്ട്, ഭൂപേഷ് ബാഗേല്‍ തുടങ്ങിയ നേതാക്കള്‍ പട്നയില്‍ എത്തി.കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്റെ പാര്‍ട്ടിയായ എല്‍ജെപി (റാം വിലാസ്) കഴിഞ്ഞ തവണ ജെഡിയു മത്സരിച്ച സീറ്റുകള്‍ ഉള്‍പ്പെടെ 50 സീറ്റുകള്‍ ആവശ്യപ്പെട്ടു.
ജിതന്‍ റാം മാഞ്ചിയുടെ HAM 15 സീറ്റുകള്‍ എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ നേതൃത്വത്തില്‍ സമവായ ചര്‍ച്ചകള്‍ തുടരുന്നതിനിടെ, ബിജെപി തിരഞ്ഞെടുപ്പ് സമിതി സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക അംഗീകരിച്ചു, പാര്‍ട്ടിയുടെ കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് അന്തിമ തീരുമാനം എടുക്കും. അതേസമയം, തിരഞ്ഞെടുപ്പിനുള്ള 51 സ്ഥാനാര്‍ഥികളുടെ പട്ടിക ജന്‍ സുരാജ് പുറത്തിറക്കി. പാര്‍ട്ടി അധ്യക്ഷന്‍ പ്രശാന്ത് കിഷോറിന്റ പേര് ആദ്യഘട്ട പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.