Headlines

ആലപ്പുഴയിൽ ആൾക്കൂട്ട കൊലപാതകം; മോഷണം ആരോപിച്ച് മധ്യവയസ്കനെ മർദിച്ച് കൊലപ്പെടുത്തി

ആലപ്പുഴ കായംകുളത്ത് മോഷണം ആരോപിച്ച് മധ്യവയസ്കനെ മർദിദ്ദിച്ച് കൊലപ്പെടുത്തി. കന്യാകുമാരി സ്വദേശി ഷിബു(49)വാണ് മരിച്ചത്. കുഞ്ഞിൻ്റെ സ്വർണാഭരണം കാണാതായതിനെ തുടർന്ന് കുട്ടിയുടെ വീട്ടുകാരും അയൽവാസികളും ഉൾപ്പെടെ ഏഴ് പേർ ചേർന്ന് ഇയാളെ മർദിക്കുകയായിരുന്നു. ഏഴ് പേർ ചേർന്ന് മർദിച്ച് ഷിബുവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് എഫ്ഐആർ.

രണ്ട് വയസുള്ള കുട്ടിയുടെ കൈയിലുണ്ടായിരുന്ന സ്വർണ്ണ ചെയിൻ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മർദനം. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. നെഞ്ചിൽ ഇടിച്ചും മുഖത്ത് അടിച്ചും പുറത്ത് ചവിട്ടിയും ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് എഫ്‌ഐആറിൽ പറയുന്നു. സ്ത്രീകളടക്കമുള്ളവരാണ് കേസിലെ പ്രതികൾ. രതീഷ് എന്നയാളാണ് കേസിലെ ഒന്നാം പ്രതി. ശ്രീശാന്ത്, കനി, വിഷ്ണു, ചിഞ്ചു, കണ്ടാലറിയാത്ത ഒരാൾ എന്നിങ്ങനെയാണ് കേസിലെ പ്രതികൾ, നാലാം പ്രതിയായ വിഷ്ണുവിന്റെ മകളുടെ ചെയിൻ മോഷണം പോയെന്നായിരുന്നു ആരോപണം.

മോഷണം നടത്തിയത് ഷിബുവെന്ന സംശയത്തിന്റെ പുറത്തായിരുന്നു ആൾക്കൂട്ട മർദനം നടന്നത്. ഷിബുവിന്റെ വീട്ടിൽ നിന്ന് കുട്ടി തിരിച്ചുവന്നപ്പോൾ സ്വർണം കാണാതെ ആയെന്നാണ് വീട്ടുകാർ പറയുന്നത്. ഇന്നലെ വൈകുന്നേരം വീടിന് സമീപത്ത് കൂടി പോയപ്പോൾ സ്വർണം മോഷണം പോയത് ചോദ്യം ചെയ്യുകയായിരുന്നു ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നത്. കടയിൽ പോയി തിരികെ വരുന്ന വഴിക്കാണ് ഷിബുവിനെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തത്. മോഷണ ആരോപണം ഷിബു നിഷേധിച്ചിരുന്നു. തുടർന്ന് അയൽവാസികൾ അടക്കം സ്ഥലത്തേക്ക് എത്തുകയും കൂട്ടം ചേർന്ന് മർദിക്കുകയുമായിരുന്നു.

മർദനത്തിനിടെ സമീപത്തെ കനാലിലേക്ക് ഷിബു തെറിച്ചുവീണിരുന്നു. അവിടെ നിന്ന് കരയ്ക്ക് കയറ്റി വീണ്ടും മർദിക്കുകയായിരുന്നു. മർദനത്തിനിടെ ഷിബുവിന് ഹൃദയാഘാതം കൂടി ഉണ്ടായെന്നാണ് പൊലീസ് സംശയിക്കുന്നത്. ആദ്യം കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഷിബുവിനെ പ്രവേശിപ്പിച്ചിരുന്നു. ആരോ​ഗ്യനില ​ഗുരുതരമായതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ഏഴ് പേർ ചേർന്ന് മർദിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്. മരണകാരണം വ്യക്തമാകണമെങ്കിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് വരേണ്ടതുണ്ട്. വണ്ടാനം മെഡിക്കൽ കോളജിലെ മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.