Headlines

ചുമ സിറപ്പ് മരണം 20 ആയി, 5 കുട്ടികളുടെ നില ഗുരുതരം ; കോൾഡ്രിഫ് നിർമ്മാതാക്കളെ ഉടൻ അറസ്റ്റ് ചെയ്യും; മധ്യപ്രദേശ് സർക്കാർ കടുത്ത നടപടിയിലേക്ക്

ചുമ സിറപ്പ് മരണം, മധ്യപ്രദേശ് സർക്കാർ കടുത്ത നടപടിയിലേക്ക്. കോൾഡ്രിഫ് കഫ് സിറപ്പ് നിർമ്മാതാക്കളെ ഉടൻ അറസ്റ്റ് ചെയ്യും. പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്ടിൽ എത്തി എന്ന് മധ്യപ്രദേശ് ഉപമുഖ്യമന്ത്രി ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല പറഞ്ഞു. കാഞ്ചിപുരത്തെ കോൾ ഡ്രിഫ് നിർമ്മാതാവ് ശ്രീസാൻ ഫാർമസ്യൂട്ടിക്കൽസ് ഉടമകൾക്കെതിരെയാണ് നടപടി.കമ്പനി ഉടമയെ പിടികൂടാൻ ചിന്ദ്‌വാരയിൽ നിന്നുള്ള ഒരു പൊലീസ് സംഘം ഇതിനകം കാഞ്ചീപുരത്തേക്ക് പോയിട്ടുണ്ട്. സർക്കാർ ഈ വിഷയം വളരെ ഗൗരവമായി എടുക്കുന്നുണ്ടെന്ന് ശുക്ല പറഞ്ഞു.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, മധ്യപ്രദേശ് സർക്കാർ രണ്ട് ഡ്രഗ് ഇൻസ്പെക്ടർമാരെയും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ ഒരു ഡെപ്യൂട്ടി ഡയറക്ടറെയും സസ്പെൻഡ് ചെയ്തു. സംസ്ഥാനത്തെ ഡ്രഗ് കൺട്രോളറെയും സ്ഥലം മാറ്റി. കൂടാതെ, അശ്രദ്ധ ആരോപിച്ച് ചിന്ദ്വാരയിൽ നിന്നുള്ള ഡോക്ടർ പ്രവീൺ സോണിയെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ആസ്ഥാനമായുള്ള ഒരു കമ്പനി നിർമ്മിക്കുന്ന കോൾഡ്രിഫ് എന്ന ബ്രാൻഡഡ് ചുമ സിറപ്പ് കഴിച്ചതിനെ തുടർന്നാണ് കുട്ടികൾ രോഗബാധിതരായത്.

മധ്യപ്രദേശിൽ ഡോക്ടറെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഡോക്ടർമാർ പണിമുടക്കരുതെന്ന് മധ്യപ്രദേശ് ഉപ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നാലു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കോൾഡ് സിറപ്പ് നൽകരുതെന്ന സർക്കാർ നിർദ്ദേശം ഡോക്ടർമാർ പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു. മധ്യപ്രദേശിൽ വിഷാംശം കൂടിയ കോൾഡ്രിഫ് ചുമ സിറപ്പ് കഴിച്ച് 20 കുട്ടികൾ മരിച്ചു, അഞ്ച് കുട്ടികളുടെ നില ഗുരുതരമാണ്, രണ്ടുപേരെ നാഗ്പൂരിലെ എയിംസിലും രണ്ടുപേരെ സർക്കാർ ആശുപത്രിയിലും ഒരാൾ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

20 മരണങ്ങളും മധ്യപ്രദേശിലാണ് സംഭവിച്ചത്, കുട്ടികളെ ചികിത്സിക്കുന്ന ആശുപത്രി സന്ദർശിച്ച ശേഷം ചൊവ്വാഴ്ച ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്ത്യയിൽ കഫ് സിറപ്പ് മൂലമുള്ള കുട്ടികളുടെ മരണത്തിന്റെ ഏറ്റവും പുതിയ സംഭവം മാത്രമാണിത്. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ചികിത്സയിൽ കഴിയുന്ന ശേഷിക്കുന്ന അഞ്ച് പേരെ രക്ഷിക്കാൻ ഞങ്ങൾ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.