Headlines

ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവം: ശ്വേതയെ രണ്ട് യുവതികള്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍

കാസര്‍ഗോഡ് മഞ്ചേശ്വരത്ത് ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. മരിച്ച ശ്വേതയെ ഇരുചക്ര വാഹനത്തിലെത്തിയ യുവതികള്‍ മുഖത്തടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ . രണ്ടുപേര്‍ മര്‍ദിക്കുമ്പോഴും ശ്വേത നിസ്സഹായമായി നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പൊതുദര്‍ശനത്തിനുശേഷം ദമ്പതികളുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും.

ആത്മഹത്യാ ശ്രമത്തിന് തലേദിവസം വീടിനു മുന്നിലെ റോഡില്‍ വച്ചാണ് ഇരുചക്ര വാഹനത്തില്‍ എത്തിയ രണ്ട് യുവതികള്‍ ശ്വേതയോട് പണത്തെ ചൊല്ലി തര്‍ക്കിക്കുന്നത്. തുടര്‍ന്ന് രണ്ടുപേരും ശ്വേതയുടെ മുഖത്തടിച്ചു. അടി കൊള്ളുമ്പോഴും നിസ്സഹായ അവസ്ഥയില്‍ പ്രതികരിക്കാതെ നില്‍ക്കുന്ന ശ്വേതയുടെ ദൃശ്യമാണ് അടുത്ത വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞത്. ശ്വേതയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട യുവതികളെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

വിഷം കഴിച്ച് അജിത്തും ശ്വേതയും മരണത്തോട് മല്ലിടുമ്പോള്‍ അത് അറിയാതെയാണ് ഫോണിലേക്ക് വിളിച്ചതെന്ന് മംഗലാപുരത്തെ ടാറ്റ കാപ്പിറ്റല്‍ ഫിനാന്‍സ് കമ്പനിയിലെ കളക്ഷന്‍ ഏജന്റ് രാഗേഷ്. ശ്വേതയുടെ പേരില്‍ എടുത്ത ഇരുചക്ര വാഹനത്തിന് ലോണ്‍ തിരിച്ചടവ് വൈകിയതിനാലാണ് വിളിച്ചതെന്നും രാഗേഷ് പറഞ്ഞു.പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അജിത്തിന്റെയും ഭാര്യ ശ്വേതയുടെയും മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചു.