തിരക്കോ മടിയോ കാരണം ഗുളിക വിഴുങ്ങാൻ പലപ്പോഴും വെള്ളം ഉപയോഗിക്കാത്തവരാണ് അധികവും. എന്നാൽ, വെള്ളം കൂടാതെ ഗുളിക വിഴുങ്ങുന്നത് അത്ര നല്ല കാര്യമല്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ചിലപ്പോൾ അപകടം വരുത്തുകയും ചെയ്യും.
എന്തുകൊണ് ഭീഷണിയുണ്ടാക്കുന്നു
വെള്ളമില്ലാതെ വിഴുങ്ങിയാൽ ഗുളിക അന്നനാളത്തിൽ കുടുങ്ങാനുള്ള സാദ്ധ്യത കൂടുതലാണ്. ഇത് നിങ്ങളിൽ അസ്വസ്ഥതയുണ്ടാക്കും. നെഞ്ചെരിച്ചിൽ, നെഞ്ചുവേദന എന്നിവക്കും ചിലപ്പോൾ ആന്തരിക രക്തസ്രാവത്തിനും ചെറിയ സുഷിരങ്ങൾക്കും വരെ കാരണമാകാം.
അന്നനാളത്തിന് വേദനാ നാഡികൾ ഇല്ലാത്തതിനാൽ പ്രത്യക്ഷത്തിൽ വലിയ പ്രശ്നമൊന്നും തോന്നില്ലെങ്കിലും അന്നനാളത്തിന്റെ മൃദുല കോശങ്ങളെ ബാധിക്കാം. ഇത് നിർജ്ജലീകരണം, അൾസർ എന്നിവയിലേക്കു നയിക്കും. ഓസ്റ്റിയോപൊറോസിസ് (അസ്ഥിക്ഷയം), ആന്റിബയോട്ടിക്സ് ഗുളികകൾ വെള്ളമില്ലാതെ കഴിക്കുമ്പോഴാണ് ഇത്തരം അപകടം കൂടുതലുണ്ടാകുക.
ഗുളിക കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
ഗുളിക വിഴുങ്ങുമ്പോൾ 250 മില്ലി വെള്ളമെങ്കിലും കുടിക്കണം. ഇരുന്നോ നിന്നോ ആണ് കഴിക്കേണ്ടത്. കിടക്കുന്നതിന് 15 മിനിറ്റ് മുമ്പെങ്കിലും ഗുളിക കഴിക്കണം.