Headlines

‘ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറിയത് ചെമ്പ് പാളി; ഉദ്യോ​ഗസ്ഥ വീഴ്ചയുണ്ടായി’; മുരാരി ബാബു

സ്വർണ്ണപ്പാളി വിവാദത്തിൽ ഉദ്യോ​ഗസ്ഥ വീഴ്ചയുണ്ടായി എന്ന് ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു. ഉണ്ണികൃഷ്ണൻ‌ പോറ്റിയ്ക്ക് കൈമാറിയത് ചെമ്പ് പാളിയാണ്. ചെമ്പ് തെളിഞ്ഞതുകൊണ്ടാണ് പാളി സ്വർണം പൂശാൻ കൊണ്ടുപോയതെന്ന് മുരാരി ബാബു മാധ്യമങ്ങളോട് പറഞ്ഞു.

സംഭവം നടക്കുമ്പോൾ താൻ ചുമതലയിൽ ഇല്ല. ഫ്രോഡ് ഇടപാടുകൾ ഉണ്ടായിരുന്നെങ്കിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ തുടർ ജോലികൾ ഏല്പിക്കില്ലായിരുന്നുവെന്ന് മുരാരി ബാബു പറയുന്നു. വിവരങ്ങൾ പുറത്ത് വരുന്നത് ഇപ്പോൾ മാത്രമാണ്. അഡ്മിനിസ്‌ട്രെറ്ററുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം തീരുമാനം എടുക്കാനാവില്ല. പഴയ കതക് ഉൾപ്പടെ ഉള്ളവ ശബരിമലയിൽ തന്നെ ഉണ്ടെന്ന് മുരാരി ബാബു വ്യക്തമാക്കി.
വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെ സ്വര്‍ണ്ണപ്പാളിയല്ല അത്. തിരുവഭാരണ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്വര്‍ണം പൂശേണ്ടതുണ്ടോ എന്നടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അവര്‍ വന്ന് പരിശോധിച്ച ശേഷമാണ് 2019ല്‍ ഇളക്കി എടുത്തുകൊണ്ട് പോകുന്നതെന്ന് മുരാരി ബാബു പറഞ്ഞു.

2019ല്‍ സ്വര്‍ണം പൂശിയപ്പോള്‍ 40 വര്‍ഷത്തെ വാറന്റി കമ്പനി നല്‍കിയിട്ടുണ്ടായിരുന്നു. ആ കമ്പനിയുടെ റിപ്പോര്‍ട്ടിലാണ് ഇത്തവണ വീണ്ടും ചെയ്ത് തരാമെന്ന് പറയുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈയില്‍ കൊടുത്തുവിടാനും കമ്പനി ആവശ്യപ്പെട്ടിരുന്നു. ഇത് താന്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ദേവസ്വം ബോര്‍ഡ് നിരാകരിക്കുകയും ചെയ്‌തെന്ന് മുരാരി ബാബു പറയുന്നു.