ബെംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ കയ്യേറ്റ ശ്രമം.ബെംഗളൂരു കോറമംഗലയിലാണ് സംഭവം നടന്നത്. ബുക്ക് ചെയ്ത ലൊക്കേഷനിലേക്ക് യൂബർ ഓട്ടോ ഡ്രൈവർ പോകാൻ കൂട്ടാക്കിയില്ല. യുവതിയെ പാതിവഴിയിൽ ഇറക്കിവിടാനാണ് ശ്രമം നടത്തിയത്.
തെരുവുനായ ശല്യം ഉണ്ടെന്നും ബുക്ക് ചെയ്ത ലോക്കേഷനില്‍ തന്നെ എത്തിക്കണമെന്നും യുവതി പറഞ്ഞിട്ടും ഓട്ടോ ഡ്രൈവര്‍ വഴങ്ങിയില്ല. കാർ പോകുന്ന സ്ഥലമായിട്ടും വാഹനം തിരിക്കാൻ സ്ഥലമില്ലെന്ന് പറഞ്ഞ് യുവതിയോട് ഓട്ടോ ഡ്രൈര്‍ തട്ടിക്കയറുകയായിരുന്നു.മുഖത്തടിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. ആരോട് പരാതി പറഞ്ഞാലും പ്രശ്നമില്ലെന്നാണ് ഓട്ടോ ഡ്രൈവർ മറുപടി നൽകിയത്.
പ്രതിഷേധിച്ചപ്പോൾ യുവതിയെ കയറ്റി ഓട്ടോയുമായി തിരികെ പോകാനും ശ്രമം ഉണ്ടായി. KA 41 C 2777 എന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറാണ് അതിക്രമം കാണിച്ചത്. വിഡിയോ യുവതി എക്സിൽ പോസ്റ്റ് ചെയ്തു. യൂബറിന് പരാതി നൽകുമെന്നും യുവതി പറഞ്ഞു.
ബെംഗളൂരുവിൽ എപ്പോഴും നടക്കുന്ന സംഭമാണിതെന്നും യൂബര്‍ ഓട്ടോ ബുക്ക് ചെയ്യുപ്പോള്‍ പലപ്പോഴും ഈ പ്രശ്നം നേരിടാറുണ്ടെന്നും യുവതി പറഞ്ഞു. പാതി വഴിയിൽ ഇറക്കിവിട്ടതിനെ ചോദ്യം ചെയ്തപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തുകയും അടിക്കാൻ മുതിര്‍ന്നുവെന്നും യുവതി പറഞ്ഞു.