വയനാട് അമ്പലവയലിൽ ഫാൻ്റംറോക്ക് കാണാനെത്തിയ വിനോദസഞ്ചാരികളെ കയ്യേറ്റം ചെയ്തതായി പരാതി

അമ്പലവയൽ : ഫാൻ്റംറോക്ക് കാണാനെത്തിയ വിനോദസഞ്ചാരികളെ കയ്യേറ്റം ചെയ്തതായി പരാതി അമ്പലവയലിലെ വിനോദസഞ്ചാരകേന്ദ്രമായ ഫാൻറം റോക്ക് കാണാനെത്തിയ വിനോദസഞ്ചാരികളായ കൽപ്പറ്റ സ്വദേശികളെ കയ്യേറ്റം ചെയ്തതായി പരാതി. ഫാൻ്റംറോക്കിന് സമീപം ക്രഷർ നടത്തുന്ന ബാബു എന്ന ആളാണ് തങ്ങളെ കയ്യേറ്റം ചെയ്തതെന്ന് ബിജെപി കൽപ്പറ്റ നിയോജക മണ്ഡലം പ്രസിഡണ്ട് കൂടിയായ ടി.എം സുബീഷ് പറഞ്ഞു. ഇന്നലെ വൈകിട്ട് ഓടെയായിരുന്നു സംഭവം. സുബീഷും സഹോദരനും കുടുംബവും ഫാൻ്റം റോക്ക് കാണാനായി എത്തിയതായിരുന്നു.  കാറുമായി ഫാൻ്റംറോക്കിന് സമീപത്തെ റോഡിലൂടെ സഞ്ചരിച്ചതാണ് ഇയാളെ പ്രകോപിപ്പിച്ചത്. സ്വകാര്യ റോഡാണെന്നും ടിപ്പറുകൾക്ക് മാത്രമേ അനുമതിയുള്ളൂ എന്നും പറഞ്ഞാണ് കയ്യേറ്റം ചെയ്തതെന്ന് സുബീഷ് പറഞ്ഞു. ഇവിടെ വാഹനങ്ങളുമായി പ്രവേശിക്കാനോ ക്രഷറിൻ്റെ ദൃശ്യങ്ങൾ പകർത്താനോ പാടില്ലെന്ന് പറഞ്ഞാണ് വാക്കേറ്റം ആരംഭിച്ചത്. തങ്ങൾ കൽപ്പറ്റ സ്വദേശികളാണെന്ന് പറഞ്ഞിട്ട് പോലും അക്രമിക്കാൻ ശ്രമിക്കുകയായിരുന്നു എന്നും സുബീഷ് പറഞ്ഞു. സംഭവത്തിൽ അമ്പലവയൽ പോലീസിൽ പരാതി നൽകി. അതേസമയം പരാതി വ്യാജമാണെന്നും താൻ കയ്യേറ്റം ചെയ്തിട്ടില്ലെന്നും ബാബു പറഞ്ഞു.