ഫുട്ബോളിൽ നിന്ന് ഇസ്രയേലിനെ വിലക്കില്ലെന്ന് ഫിഫ. ആഗോള രാഷ്ട്രീയ പ്രശ്നങ്ങൾക്കും ഭൂമിശാസ്ത്രപരമായ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ ഫിഫയ്ക്ക് കഴിയില്ലെന്നും, ലോകകപ്പിന് യോഗ്യത നേടി കഴിഞ്ഞാൽ ഇസ്രയേലിന് കളിക്കാമെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ വ്യക്തമാക്കി.
ഇസ്രയേലിനെ വിലക്കണമെന്ന ആവശ്യങ്ങളോടാണ് ഫിഫ പ്രസിഡന്റിന്റെ പ്രതികരണം. എന്നാൽ, ഫിഫയുടെ നിലപാടിനെതിരെ ഇരട്ടത്താപ്പെന്ന വിമർശനം ഉയരുന്നു.
യുക്രൈൻ യുദ്ധം ആരംഭിച്ച നാലാം ദിവസം തന്നെ റഷ്യയെ വിലക്കിയ ഫിഫ, ഇസ്രയേലിന്റെ കാര്യത്തിൽ കണ്ണടക്കുകയാണെന്നാണ് ആരോപണം. ഗസയിലെ കൂട്ടക്കുരുതിക്ക് ഫിഫ പിന്തുണ നൽക്കുന്നതുപോലെ പെരുമാറുകയാണെന്ന വ്യാപക വിമർശനവും ഉയർന്നിട്ടുണ്ട്.
ഗസയിൽ ഇസ്രയേൽ നടത്തിവരുന്ന കൂട്ടക്കുരുതിക്കെതിരെ ഫുട്ബോൾ മൈതാനങ്ങളിലടക്കം നിരവധി ഐക്യദാർഢ്യ സന്ദേശ ബാനറുകളാണ് ഉയർന്നുവരുന്നത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ നിന്ന് ഇസ്രായേലിനെ വിലക്കണമെന്ന് യുവേഫ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ ഭൂരിഭാഗം അംഗങ്ങളും നിലപാടെടുത്തതാണ് റിപ്പോർട്ട്.