കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മക്കള്‍ ശക്തി കക്ഷി ഉള്‍പ്പെടെ നല്കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. അന്വേഷണം ആരംഭിച്ച ഉടന്‍ എങ്ങനെ സിബിഐക്ക് കൈമാറുമെന്നും കോടതിയെ രാഷ്ട്രീയപ്പോരിനുള്ള വേദിയാക്കരുതെന്നും ഹൈക്കോടതി മധുരൈ ബെഞ്ച് പറഞ്ഞു. CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ടിവികെ ഹര്‍ജി കോടതി ഉടന്‍ പരിഗണിക്കും. കരൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റോഡിലെ പൊതുയോഗങ്ങള്‍ കോടതി നിരോധിച്ചു.
കരൂര്‍ അപകടവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികളാണ് ഇന്ന് മദ്രാസ് ഹൈക്കോടതിയുടെ വിവിധ ബെഞ്ചുകള്‍ പരിഗണിക്കുന്നത്. അപകടത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള തമിഴക വെട്രി കഴകത്തിന്റെ ഹര്‍ജി ഇനി പരിഗണിക്കാനുണ്ട്. കോടതി വിധിയും പരാമര്‍ശങ്ങളും ടിവികെയ്ക്കും സര്‍ക്കാരിനും നിര്‍ണായകമാണ്. ടിവികെ നേതാക്കള്‍ ആയിട്ടുള്ള എന്‍ ആനന്ദ്, നിര്‍മല്‍ കുമാര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷയും പരിഗണിക്കും. അപകടത്തില്‍ വിജയ് യെ പ്രതിച്ചേര്‍ക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയും ഇന്ന് കോടതിയുടെ പരിഗണയില്‍ വരും.
കേസുമായി ബന്ധപ്പെട്ട് മറ്റൊരു നിര്‍ണായക ഉത്തവ് കൂടി കോടതി പുറപ്പെടുവിച്ചു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ദേശീയ പാതയിലോ സംസ്ഥാനപാതയിലോ രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികളോ പൊതുയോഗങ്ങളോ നടത്തരുത് എന്നൊരു ഉത്തരവാണ് ഉണ്ടായിരിക്കുന്നത്. ഇത്തരമൊരു ഉത്തരവ് നേരത്തെ കോടതി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇത് പാലിക്കപ്പെടുന്നില്ല. രണ്ടാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളടങ്ങിയ ഒരു നിയമാവലി ഉണ്ടാക്കണം. അതുവരെ ഇത്തരത്തിലുള്ള പരിപാടികള്‍ നടത്താന്‍ പാടില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
അതിനിടെ, സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തില്‍ ഉള്ള സംഘം ഇന്ന് കരൂരില്‍ എത്തി. എംപിമാരായ കെ.രാധാകൃഷ്ണന്, വി.ശിവദാസന്‍, ആര്.സച്ചിദാനന്ദം, സിപിഎം പിബി അംഗം യു.വാസുകി എന്നിവരടങ്ങുന്ന സംഘമാണ് കരൂരില്‍ എത്തിയത്.