മോസ്കോ: റഷ്യയുമായുള്ള എണ്ണ വ്യാപാര ബന്ധം വിച്ഛേദിക്കാൻ ഇന്ത്യയ്ക്കും ചൈനയ്ക്കും മുകളിലുള്ള അമേരിക്ക നടത്തുന്ന സമ്മർദ ശ്രമങ്ങൾ തിരിച്ചടിയാകുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിന്റെ മുന്നറിയിപ്പ്. പ്രധാനമന്ത്രി എന്‍റെ സുഹൃത്താണ്. മോദി ഒരിക്കലും സമ്മർദ്ദത്തിന് വഴങ്ങി റഷ്യയുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള നടപടികൾ സ്വീകരിക്കില്ലെന്ന് തനിക്ക് വിശ്വാസമുണ്ട്. റഷ്യയുടെ ഇടപെടലിലും വിശ്വാസ്യതയിലും നരേന്ദ്ര മോദിക്ക് ബോധ്യമുണ്ട്. ഇന്ത്യയിലെ ജനങ്ങൾ രാഷ്ട്രീയ നേതൃത്വത്തിന്‍റെ തീരുമാനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും പുടിൻ പറഞ്ഞു.
റഷ്യയ്ക്കും ഇന്ത്യയ്ക്കും ഇടയിൽ ഒരിക്കലും പ്രശ്‌നങ്ങളോ സമ്മദ്ദങ്ങളോ ഉണ്ടായിട്ടില്ലെന്നും പുടിൻ പറഞ്ഞു. റഷ്യൻ എണ്ണ ഉപേക്ഷിക്കണമെന്ന യുഎസ് ആവശ്യം ഇന്ത്യയും ചൈനയും അംഗീകരിക്കില്ല. സ്വയം അപമാനിക്കപ്പെടാൻ ഇന്ത്യയും ചൈനയും അനുവദിക്കില്ലെന്ന് പുടിൻ പറഞ്ഞു. റഷ്യയിൽ ഒരു പരിപാടിയിൽ പങ്കെടുക്കവേയാണ് പുട്ടിൻ റഷ്യയുമായി സൗഹൃദത്തിലുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ട് യുഎസ് ഉയർത്തുന്ന താരിഫ് ഭീഷണിക്ക് മറുപടി നൽകിയത്. അമേരിക്കയുടെ ഇത്തരം ശ്രമങ്ങൾ സാമ്പത്തികമായി തിരിച്ചടിക്കുമെന്ന് പുടിൻ മുന്നറിയിപ്പ് നൽകി.
റഷ്യൻ എണ്ണയില്ലാതെ ആഗോള സമ്പദ്‌വ്യവസ്ഥ കഷ്ടപ്പെടും. റഷ്യ എണ്ണ വിതരണം നിർത്തിയാൽ വില ബാരലിന് 100 ഡോളറിൽ കൂടുതൽ ഉയരുമെന്ന് പുടിൻ മുന്നറിയിപ്പ് നൽകി. റഷ്യയുടെ വ്യാപാര പങ്കാളികൾക്ക് അമേരിക്ക ഉയർന്ന താരിഫ് ഏർപ്പെടുത്തിയാൽ അത് രാജ്യാന്തര തലത്തിൽ വില വർധനയ്ക്ക് കാരണമാവും. ഒപ്പം പലിശനിരക്ക് ഉയർന്ന നിലയിൽ നിർത്താൻ യുഎസ് ഫെഡറൽ റിസർവ് നിർബന്ധിതരാവുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി