എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ പ്രസ്താവനയ്ക്ക് എതിരെ കെസിബിസിയും സീറോ മലബാര്‍ സഭയും. ഇടതുപക്ഷ ഭരണത്തില്‍ തൊഴിലാളികള്‍ക്ക് ശമ്പളമില്ല എന്ന് പറയുന്നത് അപമാനകരമാണ്. ഇത് ഗവണ്‍മെന്റിന്റെ കഴിവുകേടാണെന്ന് കെസിബിസി എജ്യൂക്കേഷന്‍ കമ്മീഷന്‍ സെക്രട്ടറി ഫാദര്‍ ആന്റണി അറക്കല്‍ പറഞ്ഞു.
ആര് ആരെയാണ് ഭീഷണിപ്പെടുത്തിയത്. അഞ്ച് വര്‍ഷമായി ജോലി ചെയ്തിട്ട് സാലറി ഇല്ലാതെ നില്‍ക്കുന്ന അധ്യാപകര്‍ അവരുടെ വിഷമം പറയുക മാത്രമാണ്. അല്ലാതെ ഇത് സഭയുടെ രാഷ്ട്രീയ പ്രേരിതമായ കാര്യമല്ല. ഇപ്പോള്‍ നടക്കുന്നത് ഇടതുപക്ഷ ഭരണമാണ്. ഇടതുപക്ഷ ഭരണത്തില്‍ തൊഴിലാളികള്‍ക്ക് വേതനം ഇല്ല എന്ന് പറയുന്നത് അവര്‍ക്ക് അപമാനകരമാണ്. സുപ്രീംകോടതിയില്‍ നിന്നൊരു വിധി വന്നതിനുശേഷവും ഗവണ്‍മെന്റിന് കൃത്യമായിട്ട് പദ്ധതിയില്ല എന്ന് പറയുന്നതും അപമാനകരമാണ്. ഇത് ഗവണ്‍മെന്റിന്റെ കഴിവുകേട് – ഫാദര്‍. ആന്റണി അറക്കല്‍ പറഞ്ഞു.
ഇത് രാഷ്ട്രീയ പ്രേരിതമെന്ന് പറയുമ്പോള്‍ സംഭവിക്കാന്‍ പോകുന്നത് അവരും കൂടി അറിഞ്ഞിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവരുടെ രാഷ്ട്രീയത്തില്‍ നിന്ന് ക്രൈസ്തവര്‍ മാറിനില്‍ക്കണം, ഇങ്ങനെയല്ലേ അവര്‍ പറഞ്ഞു വരുന്നത്. ഇത് ഞങ്ങളല്ലാ അവര്‍ തന്നെയാണ് പറയുന്നത്. എല്ലാവര്‍ക്കും അറിയുന്നത് അവര്‍ മാത്രം അറിയുന്നില്ലയെന്നും ഫാദര്‍ ആന്റണി വ്യക്തമാക്കി.
വിദ്യാഭ്യാസ മന്ത്രി നടത്തുന്ന വസ്തുതാ വിരുദ്ധമായ പ്രസ്താവനകള്‍ അവസാനിപ്പിക്കണമെന്ന് സീറോ മലബാര്‍ സഭ വ്യക്തമാക്കി. ക്രൈസ്തവ മാനേജ്‌മെന്റുകളെ അപമാനിക്കുന്ന തരത്തിലാണ് മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രസ്താവന. വസ്തുതാ വിരുദ്ധവും, ബാലിശവും അവതാനത ഇല്ലാത്തതുമായ പ്രസ്താവനകളാണ് മന്ത്രി ഈ വിഷയത്തില്‍ നടത്തിയിരിക്കുന്നത് അധ്യാപകര്‍ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി വേണ്ടവിധം പഠിച്ചിട്ടില്ല എന്നുള്ളതിന്റെ ഉദാഹരണമാണിത്. മനുഷ്യരുടെ കണ്ണീരില്‍ നിങ്ങള്‍ രാഷ്ട്രീയം കലര്‍ത്താന്‍ ശ്രമിക്കരുതെന്നും സീറോ മലബാര്‍ സഭ – കൂട്ടിച്ചേര്‍ത്തു.