അടച്ചുപൂട്ടലില്‍ നിലപാട് കടുപ്പിച്ച് ട്രംപ് ഭരണകൂടം. വരും ദിവസങ്ങളില്‍ നികുതിപ്പണം പാഴാക്കുന്ന ഏജന്‍സികളെ ലക്ഷ്യമിടുമെന്ന് വൈറ്റ്ഹൗസ്. പാഴ് മരങ്ങള്‍ വെട്ടി മാറ്റാന്‍ കിട്ടിയ സുവര്‍ണാവസരമെന്ന് ട്രംപ്. സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടല്‍ ഇന്ന് ആരംഭിക്കുമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി.
എങ്ങനെയാണ് പിരിച്ചുവിടല്‍ എന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ ഒന്നും വ്യക്തമാക്കിയിട്ടില്ല. ഫണ്ടിംഗിനായുള്ള വോട്ടെടുപ്പ് സെനറ്റില്‍ ഇന്ന് വീണ്ടും നടക്കും. സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുണ്ട്. എന്നാലും 60 വോട്ടുകള്‍ കുറഞ്ഞത് വേണം ബില്‍ പാസാകാന്‍. അതേസമയം, ബജറ്റ് ഡയറക്ടറിനെ കാണുമെന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഈ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ ലഭ്യമല്ല. നിരവധി ഡെമോക്രാറ്റിക് ഏജന്‍സികളില്‍ ഏതാണ് വെട്ടിക്കുറയ്ക്കുവാന്‍ അദ്ദേഹം ശിപാര്‍ശ ചെയ്യുന്നത് എന്നതിന് അനുസരിച്ച് നീങ്ങുമെന്നാണ് ട്രംപ് പറയുന്നത്. ഡെമോക്രാറ്റിക് ഏജന്‍സിയിലെ ഭൂരിഭാഗവും രാഷ്ട്രീയ തട്ടിപ്പാണ്. അവിടെ വെട്ടിനിരത്തല്‍ ഉറപ്പാണ് എന്ന് ട്രംപ് പറയുന്നു.
ഒബാമ കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് സബ്‌സിഡി തുടരണമെന്ന ഡമോക്രാറ്റുകള്‍ ആവശ്യം റിപ്പബ്ലിക്കന്‍ പാര്‍ട്ടി പരിഗണിക്കാതിരുന്നതിനെ തുടര്‍ന്നാണ് ധനാനുമതി ബില്ലുകള്‍ സെനറ്റില്‍ പാസാകാതെ പോയത്. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ സേവനങ്ങള്‍ അമേരിക്കയില്‍ ഭാഗികമായി അടച്ചുപൂട്ടിയത്. ധനാനുമതിയ്ക്കായി കഴിഞ്ഞ ദിവസം സെനറ്റില്‍ നടന്ന വോട്ടെടുപ്പും പരാജയപ്പെട്ടു. അതിര്‍ത്തിസുരക്ഷ, വ്യോമയാനം, ഗതാഗതം, ആരോഗ്യമേഖല ഒഴികെയുള്ള സര്‍ക്കാര്‍ സേവനങ്ങളെല്ലാം ഇന്നലെ മുതല്‍ തടസപ്പെട്ടിരിക്കുകയാണ്. ശമ്പളം കൊടുക്കാന്‍ പണമില്ലാതായതോടെ ഏഴര ലക്ഷത്തോളം ജീവനക്കാര്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചു. അവശ്യസേവനമേഖലകളിലുള്ളവര്‍ ശമ്പളരഹിതരായാണ് പ്രവര്‍ത്തിക്കുന്നത്.
ഡമോക്രാറ്റുകളുടെ ഭരണത്തിനു കീഴിലുള്ള ന്യൂയോര്‍ക്കിലെ അടിസ്ഥാന സൗകര്യപദ്ധതികളായ ഹഡ്‌സണ്‍ ടണല്‍ പദ്ധതിയ്ക്കും സെക്കന്‍ഡ് അവന്യൂ സബ് വേയ്ക്കുമായുള്ള 18 ബില്യണ്‍ ഡോളറിന്റെ ധനസഹായം ഇന്നലെ വൈറ്റ് ഹൗസ് മരവിപ്പിച്ചു.

 
                         
                         
                         
                         
                         
                        



