Headlines

ഉത്തർപ്രദേശിൽ വീണ്ടും ബുൾഡോസർ രാജ്; സംഭലിൽ 10 വർഷം പഴക്കമുള്ള മസ്ജിദിന്റെ ഭാഗം പൊളിച്ചു നീക്കി

ഉത്തർപ്രദേശിൽ വീണ്ടും ബുൾഡോസർ രാജ്. സംഭലിലെ രാരിബുസൂർഗ് ഗ്രാമത്തിലെ ഒരു മസ്ജിതിന്റെ ഭാഗം പൊളിച്ചു നീക്കി.10 വർഷം പഴക്കമുള്ള മസ്ജിദിനെതിരെയാണ് നടപടി. അനധികൃത നിർമ്മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തി. 30 ദിവസം മുമ്പ് നോട്ടീസ് നൽകിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

മസ്ജിദിന്‍റെ ഒരു ഭാഗം സമീപത്തെ തടാകത്തിന് സമീപത്താണ് നിര്‍മിച്ചിരിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിന് പുറമെ സമീപത്തെ കല്യാണ മണ്ഡപവും പൊളിച്ചുനീക്കുന്നുണ്ട്. വളരെക്കാലമായി ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുകയായിരുന്നുവെന്നും നോട്ടീസ് നൽകിയിട്ടും അനധികൃത നിർമാണം നീക്കിയില്ലെന്നുമാണ് അധികൃതരുടെ ആരോപണം.

സർക്കാർ ഭൂമിയിലെ ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധമായ കൈയേറ്റമോ നിർമാണമോ അനുവദിക്കില്ലെന്ന് അധികൃതർ പറയുന്നു. അസ്‌മോലി പൊലീസ് സ്റ്റേൻ പരിധിയിലാണ് പള്ളി പൊളിച്ചുനീക്കുന്നത്.ഡ്രോൺ കാമറയുടെ സഹായത്തോടെ പ്രദേശങ്ങൾ പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.