കരൂര്‍: കരൂര്‍ ദുരന്തത്തിന് പിന്നാലെ രാഹുൽ ഗാന്ധി വിജയ്യെ വിളിച്ചതിൽ രാഷ്ട്രീയമില്ലെന്നും വേദനയിൽ ഒപ്പമുണ്ടെന്ന് അറിയിക്കാനാണ് വിളിച്ചതെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. കോണ്‍ഗ്രസ് സംഘത്തിനൊപ്പം കരൂരിലെത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെസി വേണുഗോപാൽ. കരൂര്‍ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരെ കോണ്‍ഗ്രസ് സംഘം സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളെയും കണ്ടു. കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തിൽ കോണ്‍ഗ്രസ് രാഷ്ട്രീയപോരിനില്ലെന്നും അതിനുള്ള സമയമല്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു. മരിച്ചവരുടെ ദുഃഖത്തിനു ഒപ്പം നിൽക്കുകയാണ്.
ദുരന്തിനു ഉത്തരവാദികളെ തിരയേണ്ട സമയമല്ലിത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായം ഉറപ്പാക്കിയിട്ടുണ്ട്. മരിച്ച 41 പേരുടെ കുടുംബങ്ങള്‍ക്കും ധനസഹായം നൽകും. പരിക്കേറ്റവര്‍ക്കും സഹായം നൽകും. രാഹുൽ ഗാന്ധി വിജയിയെ വിളിച്ചതിൽ രാഷ്ട്രീയമില്ല. തമിഴ്നാടിനെ എപ്പോഴും ചേര്‍ത്തുപിടിക്കുന്ന നേതാവാണ് രാഹുൽ ഗാന്ധി. രാഹുൽ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ആണ് ആദ്യം വിളിച്ചത്. വിവാദങ്ങളിൽ കോൺഗ്രസ് കക്ഷി ആകുന്നില്ല. കരൂര്‍ ദുരന്തത്തില്‍ മരണപ്പെട്ടവർക്കും പരിക്കേറ്റവർക്കും കോണ്‍ഗ്രസ് ധനസഹായം നൽകും. അപകടത്തിന് ഉത്തരവാദി ആരാണെന്ന് നിർണയിക്കാൻ നമ്മൾ ആരുമല്ല, രാഷ്ട്രീയപരമായി ഈ വിഷയത്തെ സമീപിക്കാൻ കോണ്‍ഗ്രസില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.