പത്തനംതിട്ട: സ്വകാര്യ ന്യൂസ് ചാനൽ ചർച്ചയ്ക്കിടെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ബിജെപി നേതാവ് പ്രിൻ്റു മഹാദേവനെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് നേതാവിന്റെ മൊഴി രേഖപ്പെടുത്തി പൊലീസ്. അഡ്വ ബിപിൻ മാമൻ്റെ മൊഴിയാണ് തിരുവല്ല പൊലീസ് രേഖപ്പെടുത്തിയത്. ഈ മാസം 27 നാണ് ഇമെയിൽ വഴി ബിപിൻ തിരുവല്ല എസ് എച്ച് ഒയ്ക്കാണ് പരാതി നൽകിയത്. പ്രിൻ്റു മഹാദേവനെതിരെ കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്നായിരുന്നു ചാനൽ ചർച്ചയ്ക്കിടെ ബിജെപി വക്താവ് പ്രിന്റു വിവാദ പരാമർശം നടത്തിയത്.
അതേസമയം, കെപിസിസി സെക്രട്ടറി സി സി ശ്രീകുമാർ നൽകിയ പരാതിയിൽ പ്രിന്റു മഹാദേവിനെതിരെ തൃശ്ശൂർ പേരാമംഗലം പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഈ പരാതിയിൽ പേരാമംഗലം പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊലവിളി പ്രസംഗം, കലാപാഹ്വാനം, സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രിന്റു മഹാദേവിനെതിരെ പേരാമംഗലം പൊലീസ് കേസെടുത്തത്. അതുകൊണ്ടുതന്നെ ഒരേ വിഷയത്തിൽ രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച് നിയമോപദേശം നേടിയിട്ടുണ്ടെന്നും നിയമോപദേശം ലഭിക്കുന്ന മുറയ്ക്ക് ബാക്കി നടപടി സ്വീകരിക്കുമെന്നും തിരുവല്ല ഡിവൈഎസ്പി എസ് നന്ദകുമാർ പറഞ്ഞു. ഇരുപ്പത്തിയേഴാം തീയതി താൻ നൽകിയ പരാതി പൊലീസ് പാടെ അവഗണിച്ച് എന്ന ആക്ഷേപവും ബിപിൻ ഉയർത്തുന്നുണ്ട്.
വധഭീഷണിയില്‍ പ്രതികരിച്ച് ബി ഗോപാലകൃഷ്ണൻ
പ്രിന്‍റു മഹാദേവന് പറ്റിയത് നാക്ക് പിഴവാണെന്നാണ് ബി.ഗോപാലകൃഷ്ണന്‍റെ വാദം. നാക്ക് പിഴവിൻ്റെ പേരിൽ കേസെടുക്കണമെങ്കിൽ ആദ്യം പിണറായി വിജയന്‍റെ പേരിൽ കേസെടുക്കണമെന്നും ബിജെപിയെ വേട്ടയാടിയാൽ ഏത് പൊലീസുകാരൻ ആയാലും ചാണകം മുക്കിയ ചൂലു കൊണ്ടാടിക്കും, ഒരൊറ്റ കോൺഗ്രസുകാരനേയും വീട്ടിൽ ഉറക്കില്ല. ഈ വിഷയത്തിൽ കോൺഗ്രസുകാർ വല്ലാതെ തിളക്കണ്ട എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.