Headlines

കരൂർ ദുരന്തം: പാർട്ടിയുടെ കരുത്ത് കാട്ടാൻ വിജയ് മനപൂർവം വൈകിയെത്തിയെന്ന് എഫ്ഐആർ

കരൂരിൽ ടിവികെയുടെ റാലിയിലെത്താൻ വിജയ് മനപൂർവം വൈകിയെന്ന് എഫ്ഐആർ.പാർട്ടിയുടെ കരുത്ത് കാട്ടാനായിരുന്നു ഇത്. ടിവികെ നേതാക്കളോട് അപകടസാധ്യത വ്യക്തമാക്കിയിരുന്നെങ്കിലും ഗൗനിച്ചില്ലെന്നും എഫ്ഐആറിലുണ്ട്

അതിനിടെ വ്യാജ പ്രചാരണം നടത്തരുതെന്നും എല്ലാവരും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.ഏത് പാർട്ടിയിൽ പെട്ടത് ആയാലും മരിച്ചത് തമിഴ്നാട്ടിലെ ജനങ്ങളാണ്. ആരെയും കുറ്റപ്പെടുത്താൻ ഉള്ള സമയം അല്ല. എല്ലാവരും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

അതേസമയം അപകടത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള തമിഴക വെട്രി കഴകത്തിന്റെ ഹർജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിച്ചില്ല. ദുരന്തം അന്വേഷിക്കാൻ പ്രത്യേകസംഘത്തെ തമിഴ്നാട് സർക്കാർ നിയോഗിച്ചു.

അതിനിടെ കരൂരിൽ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിച്ച സംഭവത്തിത്തിൽ ടി.വി.കെ. നേതാവും നടനുമായ വിജയ്‌യെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി സംസാരിച്ചതിന് തൊട്ടു പിന്നാലെയാണ് രാഹുൽ ഗാന്ധി, വിജയ്‌യുമായി സംസാരിച്ചത്. എന്നാൽ, രാഹുൽ ഗാന്ധിയും വിജയ്‌യും തമ്മിലുള്ള വ്യക്തി ബന്ധത്തിന്റെ ഭാഗമായാണ് നേരിട്ട് ബന്ധപ്പെട്ടതെന്നാണ് സൂചന.