തിക്കിലും തിരക്കിലും പെട്ട് 39 പേരുടെ മരണത്തിനിടയാക്കിയ, ടിവികെ റാലിയിൽ അനുവദിക്കപ്പെട്ടത് പതിനായിരം പേരെയായിരുന്നുവെങ്കിലും വേലുച്ചാമിപുറത്തുള്ള സംഭവ സ്ഥലത്ത് തിങ്ങി കൂടിയത് ഒന്നര ലക്ഷം ആളുകളെന്ന് റിപ്പോർട്ട്. ടിവികെ അധ്യക്ഷൻ വിജയ് നയിക്കുന്ന റാലിയിൽ അദ്ദേഹം 7 മണിക്കൂർ വൈകിയെത്തിയതിനാൽ ഉച്ചയ്ക്ക് നിശ്ചയിച്ച പരിപാടി ആരംഭിക്കാൻ ഏറെ വൈകി.
പ്രതീക്ഷിച്ചതിലും വളരെയധികം ജനങ്ങൾ പ്രദേശത്തേയ്ക്ക് വന്നു ചേർന്നപ്പോൾ ആൾക്കൂട്ടത്തെ ഫലപ്രദമായി നിയന്ത്രിക്കാൻ സംഘടകർക്കോ പോലീസിനോ സാധിച്ചില്ല. വിജയ് എത്തി ആരംഭിച്ച പ്രസംഗം പകുതിയിൽ നിർത്തിയെങ്കിലും അപകടം ഒഴിവാക്കാനായില്ല. മരണമടഞ്ഞ 39 പേരിൽ 9 കുട്ടികളും 17 സ്ത്രീകളും ഉൾപ്പെട്ടിരുന്നു.
ഇന്നലെ അര്‍ധരാത്രിയോടെ കരൂര്‍ മെഡിക്കല്‍ കോളജിലെത്തി തമിഴ്നാട് മുഖ്യമന്ത്രി പരുക്കേറ്റവരെ സന്ദര്‍ശിച്ചിരുന്നു. റാലിക്കിടെ ജീവന്‍ നഷ്ടമായവര്‍ക്ക് എം കെ സ്റ്റാലിന്‍ അന്തിമോപചാരം അര്‍പ്പിക്കലുകയും ചെയ്തു. ജുഡീഷ്യല്‍ അന്വേഷണം നടക്കുകയാണെന്നും ഇതിലൂടെ ദുരന്തകാരണം കണ്ടെത്താന്‍ സാധിക്കുമെന്നും അദ്ദേഹം കരൂരില്‍ പറഞ്ഞു
രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും രജനികാന്ത്, കമൽഹാസൻ തുടങ്ങിയ തമ്മിൽ സിനിമയുടെ പ്രമുഖരും സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിന് ശേഷം വിജയ് രാത്രി തന്നെ വിഷയത്തിൽ പ്രതികരിക്കാതെ വീട്ടിലേയ്ക്ക് മടങ്ങിയതിൽ സോഷ്യൽ മീഡിയയിൽ കനത്ത പ്രതിഷേധമുയരുന്നുണ്ട്.