Headlines

ഷാജൻ സ്കറിയയ്ക്ക് വക്കീല്‍ നോട്ടീസയച്ച് പി.പി ദിവ്യ; ആവശ്യം 50 ലക്ഷം രൂപ നഷ്ടപരിഹാരം

യൂട്യൂബർ ഷാജൻ സ്കറിയക്ക് വക്കീൽ നോട്ടീസ് അയച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ. സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തിലാണ് നിയമ നടപടി. അഡ്വ. കെ. വിശ്വൻ മുഖേനയാണ് നോട്ടീസ് അയച്ചത്. 50 ലക്ഷം രൂപ നഷ്ടപരിഹാരവും പി.പി. ദിവ്യ ആവശ്യപ്പെട്ടിട്ടുണ്ട്.

പി.പി. ദിവ്യ 23 തവണ വിദേശയാത്ര നടത്തിയിട്ടുണ്ട്, മന്ത്രിമാർ നടത്തിയതിനേക്കാൾ കൂടുതൽ തവണ വിദേശയാത്ര നടത്തിയെന്നും ഇത് ബിനാമി ഇടപാട് നടത്തുന്നതിനായാണെന്നുമായിരുന്നു പ്രചാരണം. എന്നാൽ ഇത് തെറ്റായ വാർത്തയാണെന്നും താൻ രണ്ട് തവണ മാത്രമേ വിദേശയാത്ര നടത്തിയിട്ടുള്ളൂവെന്നും പി.പി. ദിവ്യ പറയുന്നു.

സിപിഐഎമ്മിന്റെ വിദേശത്തുള്ള പരിപാടിക്കുവേണ്ടിയാണ് യാത്ര നടത്തിയത്. അത് പാർട്ടി അനുമതിയോടെയാണ്. അടിസ്ഥാനരഹിതമായ പ്രചരണം സോഷ്യൽ മീഡിയയിൽ നടത്തിയെന്നും അത് പിന്‍വലിക്കണമെന്നുമാണ് പി.പി. ദിവ്യയുടെ ആവശ്യം. 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഷാജൻ സ്കറിയക്ക് പി.പി. ദിവ്യ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.