Headlines

പാലിയേക്കരയിലെ ടോൾ വിലക്ക് തുടരും

തൃശൂർ പാലിയേക്കരയിലെ ടോൾ വിലക്ക് തുടരും. സുപ്രധാന തീരുമാനവുമായി ഹൈക്കോടതി.നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി റിപ്പോർട്ട്‌ സമർപ്പിക്കാൻ NHAI യ്ക്ക് നിർദേശം നൽകിയ ഹൈക്കോടതി ഹർജി ഇ മാസം 30 ന് വീണ്ടും പരിഗണിക്കും. ഇന്നലെ മുരിങ്ങൂർ അമ്പലൂർ മേഖലയിൽ ബ്ലോക്ക് ഉണ്ടായിരുന്നുവെന്ന് കളക്ടർ കോടതിയെ അറിയിച്ചു. ബ്ലോക്കിന്റെ സമയം കുറഞ്ഞോയെന്ന കോടതിയുടെ ചോദ്യത്തിന് അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ബ്ലോക്ക് ഉണ്ടായിരുന്നുവെന്ന് കളക്ടർ മറുപടി നൽകി.

സുരക്ഷാപ്രശ്നങ്ങളെ ലഘൂകരിച്ച് കാണാനാകില്ലെന്ന് കോടതി പറഞ്ഞു. എന്നാൽ സുരക്ഷാ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നാണ് NHAI ഹൈക്കോടതിയെ അറിയിച്ചത്.

അതേസമയം, കഴിഞ്ഞ 51 ദിവസമായി പാലിയേക്കരയിൽ ടോൾ വിലക്ക് ഏർപ്പെടുത്തിയിട്ട്. ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടർന്ന് ഒരു മാസം മുമ്പാണ് പാലിയേക്കരയിലെ ടോൾ പിരിവ് കോടതി താത്ക്കാലികമായി തടഞ്ഞത്. ജനവികാരത്തിനൊപ്പം ആണ് കോടതി. ടോൾ പുനഃസ്ഥാപിച്ചാൽ 50% മാത്രം ഈടാക്കാനെ അനുവാദം നൽകാവൂ എന്ന് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ടെന്നും പരാതിക്കാരൻ പറഞ്ഞു. ടോൾ പിരിവ് പുനരാരംഭിക്കാൻ ദേശീയ പാത അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല.