ആഗോള അയ്യപ്പ സംഗമത്തിൽ ദേവസ്വം ബോർഡ് ഉദ്ദേശിച്ച കാര്യം ലക്ഷ്യം കണ്ടെന്ന് പ്രസിഡന്റ് പിഎസ് പ്രശാന്ത്. സംഗമത്തിൽ 4126 പേർ പങ്കെടുത്തു. ചീറ്റിപ്പോയി എന്ന പ്രചരണങ്ങളിൽ ഒരു കാര്യവുമില്ലെന്നും പി എസ് പ്രശാന്ത് പറഞ്ഞു. ആഗോളസംഗമം സജീവമായി ചർച്ചയായതിൽ സന്തോഷമുണ്ടന്നും ഉദ്ഘാടന സമ്മേളനം കഴിഞ്ഞതിനുശേഷം പൊളിഞ്ഞു പോയി എന്ന പ്രചാരണം ഉണ്ടായെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.
ശബരിമലയുടെ മാസ്റ്റർ പ്ലാൻ എങ്ങനെ ഭക്തർക്കും മുന്നിൽ അവതരിപ്പിക്കണമെന്നതിൽ സജീവ ചർച്ച നടന്നു. നാലു വർഷത്തിനുള്ളിൽ ഈ മാസ്റ്റർ പ്ലാൻ നടപ്പിലാക്കും. ഉദ്ഘാടന സമ്മേളനം കഴിഞ്ഞശേഷം മൂന്ന് സെഷനുകളിലേക്ക് പിരിഞ്ഞു. ഒരേസമയം മൂന്ന് സെഷനുകൾ നടന്നു. ഉച്ച സമയമായതിന്റെ പ്രശ്നവും ഉണ്ടായിരുന്നു. 5000 പേർക്ക് ഇരിക്കാൻ പറ്റുന്ന പന്തലാണ്. അവിടെയാണ് 4126 പേർ പങ്കെടുത്തത്. ചീറ്റിപ്പോയി എന്ന പ്രചരണങ്ങളിൽ ഒരു കാര്യവുമില്ലെന്ന് പിഎസ് പ്രശാന്ത് പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആളുകൾ വന്നു. കെ സി വേണുഗോപാൽ ആൾ വരില്ല എന്ന് പറഞ്ഞ ഇടത്ത് നിന്ന് വരെ ആൾ വന്നു. സംഗമം പൊളിക്കാൻ നിൽക്കുന്നത് സംഘപരിവാർ അജണ്ടയാണെന്ന് പിഎസ് പ്രശാന്ത് കുറ്റപ്പെടുത്തി. ചില മാധ്യമങ്ങളെയും അവർ കൂട്ടുപിടിക്കുന്നു അദേഹം വിമർശിച്ചു. ആഗോള അയ്യപ്പ സംഗമത്തിലെ യോഗി ആദിത്യനാഥിന്റെ ആശംസയ്ക്ക് പ്രാധാന്യമുണ്ടെന്ന് പി എസ് പ്രശാന്ത് പറഞ്ഞു. കുംഭമേള നടത്തുന്നവർ, അയ്യപ്പ സംഗമം നടത്താൻ സർക്കാരിന് എന്ത് അധികാരം എന്ന് ചോദിക്കുന്നു.ആ ചോദ്യത്തിന്റെ മറുപടിയാണ് യോഗി ആദിത്യനാഥിന്റെ കത്തെന്നും പി എസ് പ്രശാന്ത് പറഞ്ഞു.
ബദൽ വിശ്വാസ സംഗമത്തിലെ ആൾക്കൂട്ടത്തിലും പിഎസ് പ്രശാന്ത് പ്രതികരിച്ചു. ആൾക്കൂട്ടത്തെ കൊണ്ടുവരാൻ സംസ്ഥാനം ഭരിക്കുന്ന പാർട്ടിക്ക് വല്ല പ്രയാസവും ഉണ്ടോയെന്നും അതിന് തങ്ങൾ ശ്രമിച്ചിട്ടില്ലെന്നും പ്രതികരണം. അതേസമയം ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദം ചീറ്റിപ്പോയെന്നും പിഎസ് പ്രശാന്ത് പറഞ്ഞു. കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയത്. വീഴ്ച ഉണ്ടായത് സ്പെഷ്യൽ കമ്മീഷണറെ അറിയിക്കാൻ വൈകിയത് മാത്രം. കോടതി അത് അംഗീകരിക്കുകയും ചെയ്തെന്നും പ്രതികരണം. തൂക്കം കുറഞ്ഞു എന്നത് വിചിത്രവാദമാണ്. അത് റിപ്പോർട്ട് സമർപ്പിക്കുന്നതോടെ ചീറ്റിപ്പോകും. തന്ത്രിയിൽ നിന്ന് സമയം വാങ്ങി കൃത്യമായ സമയത്ത് സ്വർണ പാളി സ്ഥാപിക്കുമെന്ന് അദേഹം വ്യക്തമാക്കി.