Headlines

‘വികസന സദസ്സിനോട് മുഖം തിരിച്ച് നിൽക്കുന്നത് ശരിയായ സമീപനം ആണോ? ഇതിന് വേറെ അജണ്ട ഇല്ല’; പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

സംസ്ഥാന സർക്കാരിന്റെ വികസന സദസ് ബഹിഷ്കരിക്കുന്ന പ്രതിപക്ഷത്തിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തെ സംബന്ധിച്ച് അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ തുറന്ന മനസോടെ ചർച്ച നടത്താമല്ലോ. ചിലരിൽ ആ തുറന്ന മനസ്സ് കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസ സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം.

വികസന സദസ്സിനോട് മുഖം തിരിച്ച് നിൽക്കുന്നത് ശരിയായ സമീപനം ആണോയെന്ന് പ്രതിപക്ഷത്തിനോട് മുഖ്യമന്ത്രി ചോദിച്ചു. നാട്ടിൽ ഉണ്ടാകുന്ന എല്ലാ വികസനങ്ങളും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനം ആണെന്ന് കാണണം. പ്രതിപക്ഷത്ത് ഇരിക്കുന്നവർക്കും പങ്കില്ലേ. എല്ലാവരും സഹകരിക്കുകയാണല്ലോ വേണ്ടത്. ഇതിന് വേറെ അജണ്ട ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വികസനത്തെ സംബന്ധിച്ച് അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ തുറന്ന മനസോടെ ചർച്ച നടത്താമല്ലോയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചിലരിൽ ആ തുറന്ന മനസ്സ് കാണുന്നില്ല. അതുകൊണ്ടാണ് ഇത് പറയേണ്ടി വരുന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വികസന കാര്യങ്ങളിൽ ഒന്നിച്ചു നിൽക്കണം. രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായം പറയാനും ഒരുപാട് അവസരങ്ങൾ ഉണ്ടല്ലോ. എന്നാൽ നാടിന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ മാറാൻ പാടില്ലല്ലോയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വികസന സദസ്സുകളിൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉയരും എന്നാണ് പ്രതീക്ഷ. ഇതെല്ലാം ഉൾക്കൊണ്ട് താഴെത്തട്ടിൽ നിന്നുള്ള ആസൂത്രണം നടപ്പിലാക്കും. ജനങ്ങൾ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങളെല്ലാം സജീവമായി പരിഗണിക്കുന്ന നിലയുണ്ടാകും. നമ്മുടെ നാട് പല കാര്യങ്ങളിലും പുതു രീതികൾ സ്വീകരിച്ചിട്ടുണ്ട്. എൽഡിഎഫിന് അഭിമാനപൂർവ്വം പറയാൻ കഴിയും ഒരു ഭേദ ചിന്തയുമില്ലാതെ എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും വികസന കാര്യങ്ങളിൽ പിന്തുണ നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.അധികാരത്തിൽ ഇരിക്കുന്നതുകൊണ്ട് എൽഡിഎഫിന്റെ തദ്ദേശ സ്ഥാപനങ്ങളെ മാത്രമാണോ തങ്ങൾ പിന്തുണയ്ക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഏതെങ്കിലും വേർതിരിവ് സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിൽ ഉണ്ടായെന്ന് ഏതെങ്കിലും ഭാഗത്തുനിന്ന് ഏതെങ്കിലും കൂട്ടർ ഇതുവരെ ഉന്നയിക്കുന്ന നില ഉണ്ടായിട്ടില്ല. എന്നാൽ കേന്ദ്രസർക്കാർ ആ പിന്തുണ നൽകുന്നില്ല. പ്രത്യേക രീതിയിലുള്ള പകപോക്കൽ പോലെ കേരളത്തോട് പെരുമാറുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.