ആലപ്പുഴ ഷാൻ വധക്കേസിൽ നാലു പ്രതികൾക്ക് ജാമ്യം നൽകി സുപ്രീംകോടതി. പ്രതികൾക്ക് ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. പ്രതികളായ അഭിമന്യു, അതുൽ, സനന്ദ്,വിഷ്ണു എന്നിവർക്കാണ് ജാമ്യം നൽകിയത്.
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായ അഡ്വ. കെ.എസ്. ഷാനിനെ ആർഎസ്എസ്- ബിജെപി പ്രവർത്തകർ ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2021 ഡിസംബർ 21 നായിരുന്നു ഷാൻ കൊല്ലപ്പെട്ടത്. ആർഎസ്എസ്, ബിജെപി പ്രവർത്തകരായ 11 പേരാണ് കേസിലെ പ്രതികൾ.
പ്രതികളിൽ ചിലരെ കസ്റ്റഡിയിലെടുത്തെങ്കിലും തുടർനടപടിയുണ്ടായില്ല. 2021 ൽ വയലാറിലെ ആർഎസ്എസ് പ്രവർത്തകൻ നന്ദുവിനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടി കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് ഷാനിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.