മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിൽ സൈനിക വാഹനത്തിന് നേരെ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് സുരക്ഷാ സേന ആക്രമികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. കഴിഞ്ഞ ദിവസം വൈകുന്നേരം അസം റൈഫിൾസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു സംഭവിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പരിക്കേറ്റ സൈനികരെ ആശുപത്രിയിലെത്തി സന്ദർശിച്ച മുൻ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ്, ഈ സംഭവത്തെ ശക്തമായി അപലപിച്ചു. ഇത്തരം അക്രമങ്ങൾ ഒരുതരത്തിലും അംഗീകരിക്കില്ലെന്നും സമാധാനം നിലനിർത്താൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവസ്ഥലവും പരിസരപ്രദേശങ്ങളും സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ പതിമൂന്നിന് മണിപ്പൂർ സന്ദർശിച്ചതിന് പിന്നാലെയാണ് ഈ ആക്രമണം എന്നതും ശ്രദ്ധേയമാണ്. കലാപബാധിത പ്രദേശമായ ചുരാചന്ദ്പൂരിലെത്തിയ മോദി, വികസന പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. മോദിയുടെ സന്ദർശനത്തിന് തൊട്ടുമുൻപും ചുരാചന്ദ്പൂരിൽ സംഘർഷമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് കെട്ടിയ തോരണങ്ങൾ അന്ന് നശിപ്പിക്കപ്പെടുകയും നിരോധിത സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.