ശബരിമലയിലെ സ്വർണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞതും,അയ്യപ്പ സംഗമവും പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും. സ്വർണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞതിലെ ഹൈക്കോടതി വിമർശനം ഉയർത്തി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനാണ് നീക്കം. ഇന്നലെ കെഎസ് യു മാർച്ചിലുണ്ടായ സംഘർഷവും പ്രതിപക്ഷം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരും.
സ്ത്രീ – പുരുഷ തൊഴിലാളികളുടെ വേതന അന്തരം കുറയ്ക്കാൻ സർക്കാർ സ്വീകരിച്ച നടപടികളും,ദേശീയപാത നിർമാണത്തിലെ അപാകതകളും ചോദ്യോത്തരവേളയിൽ ഉണ്ടാകും. പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനം ഇന്ന് താൽക്കാലികമായി പിരിയും. ഇന്ന് ഉച്ചയ്ക്ക് പിരിയുന്ന സഭ വീണ്ടും ചേരുക ഈ മാസം 29 ന്. അതേസമയം നിയമസഭ കവാടത്തിനു മുന്നിൽ യുഡിഎഫ് എംഎൽഎമാർ തുടരുന്ന സത്യഗ്രഹ സമരം നാലാം ദിവസത്തിലേക്ക് കടന്നു.
അതേസമയം ചരിത്രത്തിൽ ആദ്യമായി തുടർച്ചയായ മൂന്നാം ദിവസവും അടിയന്തര പ്രമേയം ചർച്ച ചെയ്ത് നിയമസഭ. വിലക്കയറ്റം അടിയന്തര പ്രമേയമായി പ്രതിപക്ഷം സഭയിൽ ഉന്നയിച്ചപ്പോൾ, ഓണക്കാലത്തെ വിപണി ഇടപെടലും, കേന്ദ്ര സർക്കാരിൻ്റെ അവഗണനയും ഉന്നയിച്ചായിരുന്നു സർക്കാരിന്റെ മറുപടി. പണപ്പെരുപ്പം ഉൾപ്പെടെ കണക്കുകൾ നിരത്തിയാണ് പ്രതിപക്ഷം വിഷയം ഉന്നയിച്ചതെന്നും, സർക്കാർ പരാജയമാണെന്നും ആരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.