കണ്ണൂർ സെൻട്രൽ ജയിലിലേക്ക് വീണ്ടും ലഹരിയേർ. 8 കെട്ട് ബീഡിയാണ് മൂന്നംഗ സംഘം എറിഞ്ഞു നൽകിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരിയെത്തിക്കാൻ ശ്രമം നടന്നത്. ഉദ്യോഗസ്ഥരെ കണ്ടതും ഇവർ ഓടി രക്ഷപ്പെട്ടു.ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ ഇവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇതിനിടെ കഴിഞ്ഞ മാസം ജയിലിലേക്ക് ലഹരിയെത്തിച്ച കേസിൽ ഒരാൾ കൂടി പിടിയിലായി.സംഘത്തിലെ പ്രധാനി മജീഫ് ആണ് പിടിയിലായത്. നിരവധി ലഹരി കേസുകളിലെ പ്രതിയാണ് മജീഫ്. മൊബൈൽ ഫോണും, ലഹരി മരുന്നുകളും, മദ്യവും ജയിലിൽ എത്തിക്കാൻ പുറത്ത് വലിയ സംഘമാണ് പ്രവർത്തിക്കുന്നത്. അതിന് നേതൃത്വം നൽകുന്നത് സെൻട്രൽ ജയിലിലെ മുൻ തടവുകാരാണെന്നാണ് കണ്ടെത്തൽ.
ജയിലും പരിസരവും നന്നായി അറിയുന്ന ഇവർ കടത്തിനായി വ്യക്തമായ പ്ലാനുണ്ടാക്കും. തടവുകാരുടെ വിസിറ്റേഴ്സായി ജയിലിൽ എത്തി സാധനങ്ങൾ എറിഞ്ഞു നൽകേണ്ട സ്ഥലവും സമയവും നിശ്ചയിക്കും. തുടർന്ന് ഈ വിവരം കൂലിക്ക് എറിഞ്ഞുനൽകുന്നവർക്ക് കൈമാറും. തടവുകാരുടെ ബന്ധുക്കളിലൂടെയും, സുഹൃത്തുക്കളിലൂടെയും ജയിലിൽ എത്തിച്ച സാധനങ്ങളുടെ പണം സംഘത്തിന് ലഭിക്കും. ജയിലിൽ നിന്ന് ഫോണിലൂടെയും വിവരങ്ങൾ പുറത്തേക്ക് കൈമാറുന്നുണ്ട്. ജയിലിൽ എത്തുന്ന ലഹരി മരുന്നുകളും, മദ്യവും തടവുകാർക്ക് വിൽപ്പന നടത്താൻ പ്രത്യേക സംഘം അകത്തുമുണ്ട്. മൊബൈൽ ഫോൺ എറിയുന്നതിനിടെ പിടിയിലായ പനങ്കാവ് സ്വദേശി അക്ഷയ്യെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതോടെയാണ് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകാനാണ് സാധ്യത.