കെഎസ്‌യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ എത്തിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷന് പരാതി. കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. നിഹാൽ റഹ്മാൻ ആണ് പരാതി നൽകിയത്. ദേശീയ മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുമാണ് പരാതി നൽകിയത്. എസ്എച്ച്ഒ ഷാജഹാനെതിരെ നടപടിയെടുക്കണം എന്നാണ് ആവശ്യം.
എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ച കേസിലെ പ്രതികളായ ഗണേഷ്, അസ്‌ലം, അൽ അമീൻ എന്നിവരെയാണ് മുഖംമൂടി ധരിപ്പിച്ച് വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാൻ കോടതിയിൽ ഹാജരാക്കിയത്. സംഭവത്തിൽ ഷാജഹാനെ സ്ഥലംമാറ്റികൊണ്ട് വകുപ്പ് തല നടപടിയും വന്നിരുന്നു. സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം.
മുഖംമൂടി ധരിപ്പിച്ച് കെഎസ്‌യു നേതാക്കളെ കോടതിയിൽ ഹാജരാക്കിയ നടപടിയിൽ സിഐക്ക് വീഴ്ച പറ്റി എന്നാണ് റിപ്പോർട്ട്. ഷാജഹാനെ അടിയന്തരമായി പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. ഷാജഹാനെ സർവീസിൽ നിന്ന് തന്നെ പിരിച്ചുവിടാൻ തയ്യാറാക്കണമെന്ന് ഷാഫി പറമ്പിൽ എംപി ആവശ്യപ്പെട്ടു. ജയിലിൽ കഴിയുന്ന കെഎസ്‌യു പ്രവർത്തകരെ സന്ദർശിച്ച ശേഷം ആയിരുന്നു പ്രതികരണം. എസ് എച്ച് ഒയ്ക്കെതിരെ പ്രതിഷേധം ശക്തമായി തുടരാൻ തന്നെയാണ് കെഎസ്‌യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും തീരുമാനം.





