Headlines

സൗഹൃദം നടിച്ച് തന്ത്രപൂർവ്വം വിളിച്ചു വരുത്തി; ജയേഷ് പാസ്സ്‌വേഡിൽ സൂക്ഷിച്ച രഹസ്യം എന്ത്? പത്തനംതിട്ടയിലേത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

നാടിനെ ഞെട്ടിച്ച് പത്തനംതിട്ടയിൽ യുവദമ്പതികളുടെ ക്രൂരത. കോയിപ്രം ആന്താലിമണ്ണിലാണ് ഹണിട്രാപ്പിൽ കുടുക്കി ആലപ്പുഴ, റാന്നി സ്വദേശികളായ യുവാക്കളെ ദമ്പതികൾ അതിക്രൂരമായി മർദിച്ചത്. കെട്ടിത്തൂക്കി സ്വകാര്യഭാഗങ്ങളിൽ സ്റ്റേപ്ലർ അടിച്ചും നഖത്തിനിടയിൽ മൊട്ടുസൂചി കുത്തിയുമായിരുന്നു പീഡനമെന്ന് യുവാക്കൾ പറഞ്ഞു.സംഭവത്തിൽ ചരൽക്കുന്ന് സ്വദേശികളായ ജയേഷ്, രശ്മി എന്നിവരെ അറസ്റ്റ് ചെയ്തു.

മർദനമേറ്റ രണ്ട് യുവാക്കളും രശ്മിയുമായി സെക്സ് ചാറ്റ് ചെയ്തിരുന്നു.യുവാക്കൾക്ക് രശ്മിയുമായുള്ള ബന്ധം മനസ്സിലാക്കിയ ജയേഷ് ഇരുവരെയും തന്ത്രപൂർവ്വം തിരുവോണ ദിവസം വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. തുടർന്ന് ആഭിചാരം ചെയ്യുന്ന തരത്തിൽ തുടങ്ങി ക്രൂരമായി മർദിച്ചു. ലൈംഗികബന്ധത്തിൽ ഏർപ്പെടുത്തുന്നതായി അഭിനയിക്കാനും യുവാക്കളെ നിർബന്ധിച്ചു. കൈയിലുണ്ടായിരുന്ന പണവും ഫോണും തട്ടിയെടുത്തു.

യുവാക്കളെ മർദിക്കുന്ന സംഭവത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ ജയേഷന്റെ രഹസ്യ ഫോൾഡറിലാണുള്ളത്. എന്നാൽ ഇതിന്റെ പാസ്‌വേഡ് നൽകാൻ ജയേഷ് ഇതുവരെ തയ്യാറായിട്ടില്ല. കൂടുതൽ തവണ പാസ്‌വേഡ് തെറ്റായി അടിച്ചാൽ രഹസ്യ ഫോൾഡറിലുള്ള എല്ലാ വിവരങ്ങളും അപ്രത്യക്ഷമാകും. അതുകൊണ്ടുതന്നെ പാസ്‌വേഡ് വീണ്ടെടുക്കാൻ പൊലീസ് ശ്രമം തുടരുകയാണ്. ഈ ഫോൾഡർ തുറന്നാൽ മാത്രമേ ദമ്പതികൾ കൂടുതൽ പേരെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടോ എന്നകാര്യത്തിലടക്കം കൂടുതൽ വിവരങ്ങൾ ലഭിക്കുയുകയുളൂ. കൂടുതൽ പേരെ പീഡനത്തിനിരയാക്കിയോ എന്ന് ഉറപ്പിക്കാനാണ് ഫോൺ പരിശോധിക്കുന്നത്. അതുകൊണ്ടുതന്നെ പാസ്‌വേഡ് ലഭിക്കുക എന്നുള്ളത് വളരെ നിർണായകമായ കാര്യങ്ങളിൽ ഒന്നാണ്.

അതേസമയം, തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളിൽ ഒരാളായ ജയേഷിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ് പൊലീസ്. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശം അനുസരിച്ചാണ് പ്രത്യേകസംഘം കേസ് അന്വേഷിക്കുക. പ്രതികൾ ആഭിചാരക്രിയകൾ ചെയ്തോ എന്ന കാര്യങ്ങളടക്കം പരിശോധിക്കുകയാണ്. പീഡനത്തിനിരയായ യുവാക്കളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.