പത്തനംതിട്ട ചരൽക്കുന്നിൽ യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി അതിക്രൂരമായി മർദിച്ചു. ആലപ്പുഴ, റാന്നി സ്വദേശികളെ കെട്ടിത്തൂക്കി മർദിച്ചെന്നാണ് എഫ്‌ഐആർ. ദമ്പതികളായ ജയേഷ്, രശ്മി എന്നിവർ പിടിയിലായി. സൗഹൃദം നടിച്ച് വീട്ടിൽ കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചെന്ന് ഇരയായ റാന്നി സ്വദേശി പറഞ്ഞു. ദമ്പതികൾ മനോവൈകൃതമുള്ളവരെന്ന് പൊലീസ് പറയുന്നു.
തിരുവോണ ദിവസം വീട്ടിലേക്ക് വളരെ സൗഹൃദപരമായി വിളിച്ചുവരുത്തുകയായിരുന്നു. സംസാരിച്ചുകൊണ്ടിരിക്കവേ മുഖത്ത് പേപ്പർ സ്പ്രേ അടിച്ചുവെന്നും യുവതി കൈകൾ കെട്ടിയിടുകയും ചെയ്യുകയായിരുന്നു. കമ്പി വടി ഉപയോഗിച്ച് അടിക്കുകയും വാ മൂടി കെട്ടുകയും ചെയ്തു. നഖത്തിനിടയിൽ സൂചികൊണ്ട് കുത്തിപരുക്കേൽപ്പിക്കുകയും യുവാക്കളുടെ സ്വകാര്യഭാഗത്ത് സ്റ്റാപ്ലര്‍ പിന്നുകള്‍ അടിച്ചുമായിരുന്നു ദമ്പതികളുടെ ക്രൂരത. പിന്നീട് യുവാക്കളെ റോഡിൽ ഇറക്കിവിടുകയായിരുന്നു. ക്ർരോരമായ പീഡനമാണ് ഇരുവർക്കും ഏറ്റിട്ടുള്ളതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. യുവാക്കളെ വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് സംഭവം പൊലീസ് അറിയുന്നത്. മർദന വിവരം പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്ന് ദമ്പതികൾ ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു.
അതേസമയം, ദമ്പതികൾ കൂടുതൽ പേരെ പീഡനത്തിന് ഇരയാക്കിയതായി സംശയമുണ്ട്. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കും. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശം അനുസരിച്ചാണ് പ്രത്യേകസംഘം കേസ് അന്വേഷിക്കുക. പ്രതികൾ ആഭിചാരക്രിയകൾ ചെയ്തോ എന്ന കാര്യങ്ങളടക്കം പരിശോധിക്കും. പീഡനത്തിനിരയായ യുവാക്കളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് പരിശോധന. പീഡനം നടന്നത് കോയിപ്രം പൊലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ കേസ് അങ്ങോട്ട് കൈമാറും.കൂടാതെ പ്രതികളുടെ മൊബൈൽ ഫോൺ പൊലീസ് വിശദമായി പരിശോധിക്കുകയാണ്. കൂടുതൽ പേരെ പീഡനത്തിനിരയാക്കിയോ എന്ന് ഉറപ്പിക്കാനാണ് ഫോൺ പരിശോധിക്കുന്നത്.