ഇന്ന് ശ്രീകൃഷ്ണ ജയന്തി; ശോഭായാത്രകളിൽ പുഞ്ചിരി തൂകി ഉണ്ണിക്കണ്ണൻമാരുമെത്തും

സ്നേഹത്തിന്റെയും ധർമത്തിന്റെയും സന്ദേശം ഉയർത്തി ഇന്ന് ശ്രീകൃഷ്ണ ജയന്തി. സംസ്ഥാനമെങ്ങും നടക്കുന്ന ശോഭായാത്രകളിൽ പീലിത്തിരുമുടിയും ഓടക്കുഴലുമായി പുഞ്ചിരി തൂകുന്ന ഉണ്ണിക്കണ്ണൻമാരുമെത്തും.

സ്‌നേഹത്തിന്റെയും ധർമ്മത്തിന്റെയും സന്ദേശം ഉണർത്തുന്നതാണ് ഓരോ ശ്രീകൃഷ്ണജയന്തിയും. ഉണ്ണിക്കണ്ണന്റെ ഓർമകളാണ് ശ്രീകൃഷ്ണജയന്തി ദിനത്തിൽ ഭക്ത മനസുകളിൽ നിറയുക. ദ്വാപര യുഗത്തിൽ ഭദ്രപാദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ എട്ടാം തിഥിയിൽ, രോഹിണി നക്ഷത്രത്തിലാണ് ശ്രീകൃഷ്ണൻ ജനിച്ചതെന്നാണ് വിശ്വാസം.

കേരളത്തിൽ ശ്രീകൃഷ്ണജയന്തിയെന്നാണ് പേരെങ്കിൽ മറ്റിടങ്ങളിൽ ജന്മാഷ്ടമി, ഗോകുലാഷ്ടമി, കൃഷ്ണാഷ്ടമി എന്നെല്ലാം അറിയപ്പെടുന്നു. ശ്രീകൃഷ്ണജയന്തി ദിനത്തിൽ കേരളത്തിലെ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും വഴിപാടുകളും നടക്കും.

വിപുലമായ പിറന്നാൾ സദ്യയും മിക്ക ക്ഷേത്രങ്ങളിലും ഒരുക്കിയിട്ടുണ്ട്. പുല്ലാങ്കുഴൽ നാദവും മയിൽപ്പീലിയുടെ മനോഹാരിതയുമൊക്കെയായി ശോഭായാത്രയിൽ കുസൃതികളുമായി ഉണ്ണിക്കണ്ണൻമാരും കുഞ്ഞു രാധമാരും നിറയുന്ന ദിവസം കൂടിയാണിത്.