തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയിൽ തുടക്കമായി. വിജയ്‌യെ കേൾക്കാൻ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. തിരഞ്ഞെടുപ്പിന് മുൻപ് ജനങ്ങളെ കാണാൻ എത്തിയതാണെന്ന് വിജയ് പറഞ്ഞു. അണ്ണാ ദുരൈ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത് ഇവിടെ നിന്നാണ് അതുപോലെതന്നെയാണ് എംജിആറും. അദ്ദേഹം ആദ്യ രാഷ്ട്രീയ സമ്മേളനം നടത്തിയതും തിരുച്ചിറപ്പള്ളിയിലാണ്. അതുകൊണ്ട് തിരുച്ചിറപ്പള്ളിയിൽ നിന്ന് തുടങ്ങുന്ന എല്ലാ കാര്യങ്ങളും നല്ലതാവുമെന്ന് വിജയ് ജനങ്ങളെ അഭിസംബോധനം ചെയ്തുകൊണ്ട് പറഞ്ഞു.
ഡിഎംകെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിച്ചോയെന്ന് വിജയ് ചോദിച്ചു.സർക്കാർ ജോലിയിൽ സ്ത്രീകൾക്ക് 40% സംവരണം നൽകുമെന്ന് പറഞ്ഞിട്ട് എന്തായി? വിദ്യാഭ്യാസ ലോൺ എഴുതിത്തള്ളുമെന്ന വാഗ്ദാനം നടപ്പിലാക്കിയോ, ഡീസലിനു മൂന്നു രൂപ കുറയ്ക്കും എന്ന ഉറപ്പ് പാഴായില്ലേ? വൈദ്യുതി ചാർജ് മാസത്തിലാക്കും എന്ന ഉറപ്പ് എന്തായെന്നും പഴയ പെൻഷൻ സ്കീം തിരിച്ചുകൊണ്ട് വരൻ കഴിഞ്ഞോയെന്നും വിജയ് ഡിഎംകെയോട് ചോദിച്ചു.
അതേസമയം, നൂതന ക്യാമറകള്‍, ലൗഡ്സ്പീക്കറുകള്‍, ആളുകള്‍ അനധികൃതമായി നുഴഞ്ഞുകയറുന്നത് തടയാന്‍ ഇരുമ്പ് റെയിലിംഗുകള്‍ എന്നിവ ഘടിപ്പിച്ച ഏറെ പ്രത്യേകതകളുള്ള പ്രചാരണ ബസിലാണ് വിജയ് രാഷ്ട്രീയ പര്യടനം നടത്തുന്നത്. നിങ്ങളുടെ വിജയ് ഇതാ വരുന്നു എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പര്യടനം. കര്‍ശന നിബന്ധനകളോടെയാണ് പര്യടനത്തിന് തമിഴ്‌നാട് പൊലീസ് അനുമതി നല്‍കിയിരിക്കുന്നത്. റോഡ് ഷോയ്ക്കും വാഹനപര്യടനത്തിനും പൊതുസമ്മേളനത്തിനുമൊക്കെ കര്‍ശന മാര്‍ഗനിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.
വിജയ്‌യുടെ ബസിന് ഒരേസമയം അഞ്ച് വാഹനത്തില്‍ കൂടുതല്‍ അകമ്പടിപോകാന്‍ അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ദ്രാവിഡ രാഷ്ട്രീയത്തിലെ പ്രധാന തീരുമാനങ്ങള്‍ക്ക് സാക്ഷിയായ നഗരമാണ് തിരുച്ചിറപ്പള്ളി. മുന്‍ മുഖ്യമന്ത്രി എം.ജി. രാമചന്ദ്രന്‍ എ.ഐ.എ.ഡി.എം.കെയുടെ രണ്ടാം സംസ്ഥാന സമ്മേളനം നടത്തിയ തിരുച്ചിറപ്പള്ളിയില്‍ എംജിആറിന്റെ പേര് പറഞ്ഞ് അദ്ദേഹത്തിന്റെ പൈതൃകം തനിക്ക് അനുകൂലമാക്കാന്‍ കൂടിയാണ് വിജയ് ശ്രമിക്കുന്നത്.