‘ഐ ആം കമിങ്…’ വിജയ് പറഞ്ഞു; വഴിയരികില്‍ തടിച്ചുകൂടി ആയിരങ്ങള്‍; ടിവികെ മെഗാ റാലിക്ക് തുടക്കം

സിനിമയിലെ സൂപ്പര്‍സ്റ്റാറില്‍ നിന്ന് ടിവികെ അധ്യക്ഷനായി വളര്‍ന്ന വിജയ്‌യുടെ ആദ്യ തിരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കം. രാവിലെ 9:30 ക്ക് തിരുച്ചിറപ്പള്ളി വിമത്താവളത്തില്‍ എത്തിയ വിജയ്ക്ക് ഇതുവരെ മരക്കടൈയിലെ പ്രസംഗ വേദിയില്‍ എത്താന്‍ ആയിട്ടില്ല.റോഡിന് ഇരുവശവും ജനങ്ങള്‍ വിജയ്‌യെ കാണാന്‍ തിങ്ങിനിറഞ്ഞു നില്‍ക്കുകയാണ്.

നൂതന ക്യാമറകള്‍, ലൗഡ്സ്പീക്കറുകള്‍, ആളുകള്‍ അനധികൃതമായി നുഴഞ്ഞുകയറുന്നത് തടയാന്‍ ഇരുമ്പ് റെയിലിംഗുകള്‍ എന്നിവ ഘടിപ്പിച്ച ഏറെ പ്രത്യേകതകളുള്ള പ്രചാരണ ബസിലാണ് വിജയ് സഞ്ചരിക്കുന്നത്. അതേസമയം വിജയ്‌യെ കാണാന്‍ മണിക്കൂറുകളായി കെട്ടിടത്തിന് മുകളില്‍ കാത്തു നിന്ന യുവാവ് കുഴഞ്ഞുവീണു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

നിങ്ങളുടെ വിജയ് ഇതാ വരുന്നു എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പര്യടനം നടക്കുന്നത്. കര്‍ശന നിബന്ധനകളോടെയാണ് പര്യടനത്തിന് തമിഴ്‌നാട് പൊലീസ് അനുമതി നല്‍കിയിരിക്കുന്നത്. റോഡ് ഷോയ്ക്കും വാഹനപര്യടനത്തിനും പൊതുസമ്മേളനത്തിനുമൊക്കെ കര്‍ശന മാര്‍ഗനിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. വിജയ്‌യുടെ ബസിന് ഒരേസമയം അഞ്ച് വാഹനത്തില്‍ കൂടുതല്‍ അകമ്പടിപോകാന്‍ അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ദ്രാവിഡ രാഷ്ട്രീയത്തിലെ പ്രധാന തീരുമാനങ്ങള്‍ക്ക് സാക്ഷിയായ നഗരമാണ് തിരുച്ചിറപ്പള്ളി. മുന്‍ മുഖ്യമന്ത്രി എം.ജി. രാമചന്ദ്രന്‍ എ.ഐ.എ.ഡി.എം.കെയുടെ രണ്ടാം സംസ്ഥാന സമ്മേളനം നടത്തിയ തിരുച്ചിറപ്പള്ളിയില്‍ എംജിആറിന്റെ പേര് പറഞ്ഞ് അദ്ദേഹത്തിന്റെ പൈതൃകം തനിക്ക് അനുകൂലമാക്കാന്‍ കൂടിയാണ് വിജയ് ശ്രമിക്കുന്നത്.