കൊടും ക്രിമിനലുകളെ ഹാജരാകുന്ന രീതിയിലാണ് KSU പ്രവർത്തകരെ പൊലീസ് കോടതിയിൽ എത്തിച്ചത്; വിമർശിച്ച് ജോസഫ് ടാജറ്റ്

വടക്കാഞ്ചേരിയിൽ കെഎസ്‍യു പ്രവർത്തകരായ വിദ്യാർഥികളെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ എത്തിച്ച സംഭവത്തിൽ പ്രതികരിച്ച് തൃശൂർ ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ്. കൊടും ക്രിമിനലുകളെ ഹാജരാകുന്ന രീതിയിലാണ് വടക്കാഞ്ചേരി എസ് എച്ച് ഒ ഷാജഹാൻ പ്രവർത്തകരെ കോടതിയിൽ എത്തിച്ചത്. പേപ്പട്ടികളെ നേരിടുന്നത് പോലെയാണ് എസ്എച്ച്ഒ കോൺഗ്രീസുകാരെ നേരിടുന്നതെന്നും പേപ്പട്ടിയെ നേരിടും പോലെ കോൺഗ്രസ് ഷാജഹാനെ നേരിടുന്ന സ്ഥിതി വരരുതെന്നും ജോസഫ് ടാജറ്റ് വ്യക്തമാക്കി.

അസാധാരണമായ നടപടി ആയതുകൊണ്ടാണ് കോടതി ഈ വിഷയത്തിൽ എസ്എച്ച്ഒയ്ക്ക് ഷോക്കേസ് നോട്ടീസ് അയച്ചത്. ഇന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തും. കൂടാതെ
തിങ്കളാഴ്ച കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷാജഹാനെ മാറ്റിനിർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധ പരിപാടി നടത്താനും തീരുമാനിച്ചിട്ടുണ്ട്. തരം താഴ്ന്ന മൂന്നാംകിട സിപിഐഎമ്മുകാരനായിട്ടാണ് ഷാജഹാൻ പ്രവർത്തിച്ചത്.പേ ഇളകിയ ഇത്തരം പേപ്പട്ടികളെ പിണറായി വിജയൻ ചങ്ങലക്കിട്ട് പൂട്ടണമെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.

വടക്കാഞ്ചേരിയിലെ എസ്എഫ്‌ഐ – കെഎസ്‌യു സംഘർഷത്തെ തുടർന്നായിരുന്നു കെഎസ്‌യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. കോഴിക്കോട് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇന്ന് അവരെ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് മുഖംമൂടി ധരിപ്പിച്ചത്. മുഖം മൂടിയും കൈവിലങ്ങും അണിയിച്ച് വിദ്യാർഥികളെ ഹാജരാക്കാനും മാത്രം എന്ത് കുറ്റമാണ് ഇവർ ചെയ്തതെന്ന് കോടതി ചോദിച്ചു. ഇതിന്റെ ഭാഗമായാണ് എസ്എച്ച്ഒയ്ക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. അറസ്റ്റ് ചെയ്യപ്പെട്ട കെഎസ്‌യു പ്രവർത്തകരെ മുഖം മൂടി ധരിപ്പിച്ചും കൈവിലങ്ങണിയിച്ചും കോടതിയിൽ ഹാജരാക്കാൻ എത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളടക്കം പ്രചരിക്കുന്നുണ്ട്. വലിയ വിമർശനമാണ് പൊലീസ് നടപടിക്കെതിരെ ഉയർന്നത്. വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാൻ തിങ്കളാഴ്ച നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ടുകൊണ്ട് ഷോക്കേസ് നോട്ടീസ് അയച്ചിരിക്കുകയാണ് കോടതി.