Headlines

അയ്യപ്പസംഗമ മാതൃകയിലല്ല ന്യൂനപക്ഷ സംഗമം; വിശദീകരണവുമായി സർക്കാർ

ന്യൂനപക്ഷസംഗമത്തില്‍ വിശദീകരണവുമായി സംസ്ഥാന സർക്കാർ. ഓരോ വകുപ്പിന്‍റെയും ഭാവി പ്രവര്‍ത്തനം നിശ്ചയിക്കാൻ നടത്തുന്ന സെമിനാറിന്റെ ഭാഗമായാണ് സംഗമം എന്നാണ് സർക്കാരിന്റെ വിശദീകരണം.അയ്യപ്പസംഗമ മാതൃകയിൽ അല്ല ന്യൂനപക്ഷ സംഗമമെന്നും വിഷന്‍ 2031 എന്നതാണ് സംഗമത്തിന്റെ മുദ്രാവാക്യം എന്നും സർക്കാർ അറിയിച്ചു.

അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമം നനടത്തുന്നതിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി സർക്കാർ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നുവെന്ന വിമർശനമാണ് പ്രതിപക്ഷം ഉന്നയിച്ചത്. ന്യൂനപക്ഷ സംഗമം അടുത്ത മാസം നടക്കുന്ന 33 സെമിനാറുകളുടെ ഭാഗമെന്നാണ് സർക്കാർ വിശദീകരിക്കുന്നത്.സെമിനാറുകളിൽ സർക്കാരിന്റെ ഓരോ വകുപ്പിന്റെയും ഭാവി പ്രവർത്തനങ്ങൾ നിശ്ചയിക്കൽ, ഓരോ വകുപ്പിന്റെയും ഇതുവരെയുള്ള നേട്ടങ്ങൾ തുടങ്ങിയവ സെമിനാറിൽ വിലയിരുത്തും. അതാത് വകുപ്പുകളുടെ മന്ത്രിമാരും ഒപ്പം പ്രിൻസിപ്പൽ സെക്രട്ടറിമാരും ഈ വകുപ്പിൽ ഇതുവരെ എടുത്ത നടപടികൾ പ്രവർത്തനങ്ങൾ എന്നിവയും സെമിനാറിൽ വിശിദീകരിക്കും. മന്ത്രിസഭാ യോഗമാണ് സെമിനാറുകൾ നടത്താൻ തീരുമാനിച്ചിട്ടുള്ളത്.

അതേസമയം, ആഗോള അയ്യപ്പ സംഗമത്തിന് ബദലായുള്ള സംഘപരിവാർ സംഘടനകളുടെ വിശ്വാസ സംഗമത്തിന് രൂപരേഖയായി. പരിപാടി സംഘടിപ്പിക്കുന്നത് ശബരിമല സംരക്ഷണ സമ്മേളനം എന്ന പേരിലായിരിക്കും. ഈമാസം ഇരുപത്തിരണ്ടിന് രാവിലെ സെമിനാറും ഉച്ചകഴിഞ്ഞ് ഭക്തജന സംഗമവും നടത്തും.