Headlines

ദോഹയിലെ ഇസ്രയേല്‍ ആക്രമണം; അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി ചേരും

ദോഹയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ അടിയന്തര അറബ് – ഇസ്ലാമിക് ഉച്ചകോടി ചേരും. ഉച്ചകോടിക്ക് ഖത്തര്‍ ആതിധേയത്വം വഹിക്കും. ഞായറാഴ്ചയും തിങ്കളാഴ്ചയുമാണ് ഉച്ചകോടി നടക്കുക.

ഇസ്രയേലിനോടുള്ള പ്രതികരണം അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാകണം എന്നത് ഖത്തര്‍ തീരുമാനിച്ചിട്ടുണ്ട്. ഖത്തര്‍ പ്രധാനമന്ത്രി ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ മുതല്‍ തന്നെ ലോക രാജ്യങ്ങളുടെ, പ്രത്യേകിച്ച് അറബ് രാജ്യങ്ങളുടെ പിന്തുണ തേടാനുള്ള നീക്കങ്ങള്‍ നടത്തിയിരുന്നു.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ രൂക്ഷമായി വിമര്‍ശിച്ച് ഖത്തര്‍ പ്രധാനമന്ത്രി രംഗത്ത് എത്തിയിരുന്നു. സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍-താനിയുടെ വിമര്‍ശനം. ഇസ്രയേല്‍ ഖത്തറില്‍ നടത്തിയത് കാടത്തമെന്ന് അല്‍-താനി വിമര്‍ശിച്ചു. ദോഹയില്‍ ഹമാസ് നേതാക്കളെ വധിക്കാന്‍ ഇസ്രായേല്‍ നടത്തിയ ശ്രമം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഖത്തറില്‍ വീണ്ടും ആക്രമണം നടത്താന്‍ മടിക്കില്ലെന്ന നെതന്യാഹുവിന്റെ ഭീഷണിയ്ക്ക് പിന്നാലെയാണ് ഷെയ്ഖ് മുഹമ്മദിന്റെ പ്രതികരണം. ഹമാസ് നേതാക്കളെ പുറത്താക്കിയില്ലെങ്കില്‍ വീണ്ടും ഖത്തറില്‍ ആക്രമണം നടത്തുമെന്നായിരുന്നു നെതന്യാഹുവിന്റെ ഭീഷണി.