കോട്ടയത്തെ കാണക്കാരിയിൽ വീട്ടമ്മയായ ജെസ്സിയെ കൊലപ്പെടുത്തിയത് അതീവ ആസൂത്രണത്തോടെ. മൃതദേഹം ഉപേക്ഷിച്ച കൊക്കയ്ക്ക് സമീപം പ്രതിയായ ഭർത്താവ് സാം നേരത്തെ എത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. കൊലപാതകം ഒറ്റയ്ക്കാണ് നടത്തിയതെന്നാണ് പൊലീസ് നിഗമനം. ജെസ്സിയുടെ മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം പൊലീസ് കണ്ടെടുത്തു.
നേരത്തെ മുതൽ അകന്നു കഴിയുകയായിരുന്നു മരിച്ച ജെസ്സിയും ഭർത്താവ് സാമും. കോടതി വിധിയുള്ളതിനാൽ ഒരു വീട്ടിൽ തന്നെയായിരുന്നു താമസം.ഇവിടെവെച്ച് പരസ്പരം ഇവർ തർക്കം പതിവായിരുന്നു. സാമിൻ്റെ മറ്റ് സ്ത്രീകളുമായുള്ള ബന്ധം ചോദ്യം ചെയ്തതിനെ തുടർന്ന് ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തുണി ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊന്നശേഷം മൃതദേഹം കാറിൽ കയറ്റി തൊടുപുഴയിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു.
മൃതദേഹം ഉപേക്ഷിച്ച സ്ഥലത്ത് പ്രതി നേരത്തെ എത്തി ചിത്രങ്ങൾ പകർത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതാണ് കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നു എന്ന സംശയവും ബലപ്പെടാനുള്ള കാരണം. മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം കോട്ടയം ശാസ്ത്രീയ റോഡിലായിരുന്നു ഉപേക്ഷിച്ചത്. ഇവിടെ എത്തിച്ച് പ്രതിയുടെ തെളിവെടുപ്പും നടത്തി.
അറസ്റ്റിലാകുമ്പോൾ പ്രതി ഒരു ഇറാനിയൻ വനിതയോടൊപ്പം ആണ് ഉണ്ടായിരുന്നത്. ഇവരെയും പോലീസ് വിശദമായി ചോദ്യം ചെയ്തു. നിലവിൽ ഇവർക്ക് കുറ്റകൃത്യത്തിൽ പങ്കില്ലെന്നാണ് പോലീസ് പറയുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ അഞ്ചുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൊലപാതകം നടന്ന വീട്ടിലും മൃതദേഹം ഉപേക്ഷിച്ച തൊടുപുഴയിലുമടക്കം തെളിവെടുപ്പ് ഉണ്ടാകും.