യെമന്‍ തലസ്ഥാനമായ സനായില്‍ ഇസ്രയേലിന്റെ ബോംബാക്രമണം. മുപ്പത്തിയഞ്ചു പേര്‍ കൊല്ലപ്പെട്ടു. 130 പേര്‍ക്ക് പരുക്കേറ്റു. വടക്കന്‍ പ്രവിശ്യയായ അല്‍ ജൗഫിലാണ് ആക്രമണം നടന്നത്. ഹൂതികളുടെ സൈനികകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് തൊട്ടുപിന്നാലെയാണ് യെമനിലും ആക്രമണം നടത്തിയത്.
ഹൂതി കേന്ദ്രങ്ങള്‍ മാത്രമാണ് ലക്ഷ്യമിട്ടതെന്നാണ് ഇസ്രയേല്‍ വാദമെങ്കിലും റെസിഡന്‍ഷ്യല്‍ ഏരികളില്‍ ആക്രമണം നടന്നതായും സാധാരണക്കാര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടതായും യെമന്‍ ഭരണകൂടം ആരോപണം ഉന്നയിക്കുന്നുണ്ട്. അല്‍-ജാഫിന്റെ തലസ്ഥാനമായ അല്‍-ഹസ്മിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലും സനയുടെ തെക്ക് പടിഞ്ഞാറുള്ള 60-ാം സ്ട്രീറ്റിലെ ഒരു മെഡിക്കല്‍ ഫെസിലിറ്റിക്ക് നേരെയും ആക്രമണം നടന്നെന്നും യെമന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
സനായിലെയും അല്‍ ജാഫിലെയും ഹൂത്തി സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വച്ചാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യം പ്രതികരിച്ചു. ഇസ്രായേലിനെതിരെ രഹസ്യ വിവരങ്ങള്‍ ശേഖരിക്കുകയും ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്യുന്ന ഹൂതികളുടെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ആക്രമിച്ചുവെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ പ്രസ്താവനയിലുള്ളത്. ഹൂതികളുടെ പിആര്‍ ഡിപ്പാര്‍ട്ട്‌മെന്റും ഇന്ധന സംഭരണ കേന്ദ്രവും തകര്‍ത്തുവെന്നാണ് അവരുടെ അവകാശവാദം.