‘പ്രിയ സുഹൃത്ത് നരേന്ദ്ര മോദിയുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നു; ഇന്ത്യയുമായി ചർച്ചകൾ തുടരും’; ഡോണൾഡ് ട്രംപ്

വ്യാപാര കരാറിലെ തടസങ്ങൾ പരിഹരിക്കുന്നതിന് ഇന്ത്യയുമായി ചർച്ചകൾ തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ പ്രിയ സുഹൃത്ത് നരേന്ദ്ര മോദിയുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നു. ഇരുരാജ്യങ്ങൾക്കും ധാരണയിലെത്താൻ ബുദ്ധിമുട്ടുണ്ടാകില്ലെന്നും ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

അതേസമയം റഷ്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്താൻ, ഇന്ത്യയ്ക്കും ചൈനയ്ക്കും മേൽ 100 ​​ശതമാനം വരെ താരിഫ് ചുമത്തണമെന്ന് ഡോണൾഡ് ട്രംപ് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടു.അലാസ്‌ക കൂടിക്കാഴ്ചയ്ക്ക് ശേഷം പുടിനെ തുടർ ചർച്ചകൾക്കോ വെടിനിർത്തൽ കരാറിലേക്കോ എത്തിക്കാനുള്ള തന്റെ ശ്രമങ്ങൾ ഫലവത്താകുന്നില്ലെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരോട് ട്രംപ് പറഞ്ഞിരുന്നു. റശ്. യുദ്ധത്തിനുള്ള റഷ്യയ്ക്കുള്ള സാമ്പത്തിക ചെലവ് വർധിപ്പിക്കുന്നത് ചർച്ച ചെയ്യുന്നതിനായി വാഷിങ്ടണിൽ മുതിർന്ന യുഎസ് ഉദ്യോഗസ്ഥരും യൂറോപ്യൻ ഉദ്യോഗസ്ഥരും തമ്മിലുള്ള യോഗത്തിലാണ് ട്രംപ് 100 ശതമാനം തീരുവ ചുമത്തണമെന്ന ആവശ്യം ഉന്നയിച്ചത്.

യൂറോപ്യൻ യൂണിയൻ കൂടെ സമ്മതിച്ചാൽ മാത്രമേ ഈ തീരുവ ഏർപ്പെടുത്തുന്നത് ആലോചിക്കുകയുള്ളൂവെന്ന് യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. എങ്ങനെയും റഷ്യയെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള തന്റെ ശ്രമങ്ങളുമായി സഹകരിപ്പിക്കുക എന്ന നിലപാടിലാണ് യുഎസ് പ്രസിഡന്റ് ട്രംപ്. ഓഗസ്റ്റ് 7 മുതൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ നിലവിലുണ്ട്, കൂടാതെ റഷ്യയിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിലും സൈനിക ഉപകരണങ്ങളും വാങ്ങുന്നതിന് പിഴയായി പ്രഖ്യാപിച്ച 25 ശതമാനം അധിക തീരുവ ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വന്നിരുന്നു.