ഹോട്ടൽ ഉടമ ഔസേപ്പിന്റെ കയ്യിൽ നിന്ന് വാങ്ങിയത് 5,000 രൂപ മാത്രമെന്ന് പീച്ചി പൊലീസ് മർദനത്തിലെ പരാതിക്കാരനായ ദിനേശ് ട്വന്റിഫോറിനോട്. ആശുപത്രി ചിലവിനായാണ് പണം വാങ്ങിയത്. അഞ്ച് ലക്ഷം രൂപ നൽകിയെന്ന് പറഞ്ഞത് കള്ളമാണെന്നും ഔസേപ്പിന്റെ കടയിൽ ജോലി നൽകാം എന്ന് പറഞ്ഞത് കൊണ്ടാണ് പരാതി പിൻവലിച്ചതെന്നും ദിനേശ് പറഞ്ഞു. ഔസേപ്പ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ പൊലീസ് തന്നെ ക്രൂരമായി മർദിച്ചെന്നും ദിനേശ് പറഞ്ഞു.
എന്നാൽ ദിനേശിന്റെ വാദങ്ങളെ ഹോട്ടൽ ഉടമ ഔസേപ്പ് തള്ളിക്കളഞ്ഞു. തന്റെ വീടിന്റെ മുൻപിൽ വെച്ചാണ് 5 ലക്ഷം രൂപ കൊടുത്തത്.അന്പത്തിനായിരത്തിന്റെ കെട്ടുകളാണ് കൊടുത്തത്. 4 ലക്ഷം രൂപ പ്ലാസ്റ്റിക്ക് കവറിലാക്കിയാണ് നൽകിയത് അതിന് ശേഷം നാല് ലക്ഷം പോരെ എന്ന് താൻ ചോദിച്ചിരുന്നു. എന്നാൽ അത് പോരെന്നും 5 ലക്ഷം തന്നെ വേണമെന്നും അതിൽ മൂന്ന് ലക്ഷം രൂപ പൊലീസുകാർക്കുള്ളതാണെന്നും തനിക്ക് ഇതിൽ നിന്ന് രണ്ട് ലക്ഷം രൂപ മാത്രമേ ലഭിക്കുകയുള്ളുവെന്നുമാണ് ദിനേശ് തന്നോട് പറഞ്ഞത്. തന്റെ വീട്ടിൽ തനിക്കൊപ്പം ആ സമയത്ത് തന്റെ ഡ്രൈവറും കൂടെ ഉണ്ടായിരുന്നുവെന്ന് ഔസേപ്പ് പറഞ്ഞു.
പണവുമായി ദിനേശിന്റെ കാറിൽ തന്നെയാണ് താൻ പീച്ചി പൊലീസ് സ്റ്റേഷനിലേക്ക് പോയത്. പണം കാറിൽ വെച്ച് ലോക്ക് ചെയ്തതിന് ശേഷമാണ് ദിനേശ് സ്റ്റേഷനിലേക്ക് കയറിപോയതും പരാതിയില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞതും. പിന്നീടാണ് അര മണിക്കൂർ കഴിഞ്ഞ് തന്റെ ജീവനക്കാരെയും മകനെയും പൊലീസുകാർ വിട്ടയച്ചത്.തന്റെ ബിസിനസ്സിലെ തലേ ദിവസത്തെ പണമാണ് ദിനേശിന് കൊടുത്തിട്ടുള്ളത് ഔസേപ്പ് കൂട്ടിച്ചേർത്തു.
ദിനേശ് ഇതിന് മുൻപ് നിന്നിട്ടുള്ള ഹോട്ടലിൽ നിന്ന് പ്രശ്നം ഉണ്ടാക്കി ഇറങ്ങിയതാണ്. ബിരിയാണി സ്പെഷ്യലിസ്റ്റ് ആണെന്നാണ് ഇയാൾ പറയുന്നത്. ഹോട്ടലുകളിൽച്ചെന്ന് പ്രശ്നം ഉണ്ടാക്കി പണം വാങ്ങുന്നതാണ് ഇയാളുടെ പ്രധാന പരിപാടിയെന്നും ഔസേപ്പ് പറഞ്ഞു.